Breaking News

സമരനായകനെ കാണാൻ ജനസാഗരം; ഒമ്പതുമണിക്ക് ദർബാർ ഹാളിൽ പൊതുദർശനം, ഉച്ചകഴിഞ്ഞ് പുന്നപ്രയിലേക്ക്

പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് വിലാപയാത്ര; ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് യാത്രതിരിച്ച് വിപ്ലവസൂര്യൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം കവടിയാറിലെ വീട്ടിൽ നിന്ന് രാവിലെ ഒമ്പതോടെ ദർബാർ ഹാളിലേക്ക് എത്തിക്കും. പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ആലപ്പുഴ പൊലീസ് റീക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടിൽ സംസ്‌കരിക്കും. വിഎസിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വി എസ് അച്യുതാനന്ദൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസിന്. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ.

സിപിഐഎമ്മം പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

1923-ൽ പുന്നപ്രയിലെ വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്ച്യുതാനന്ദന്റെ ജനനം. ദുരിതപൂർണ്ണമായ ബാല്യമായിരുന്നു വി എസ് അച്യുതാനന്ദന്റേത്. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും വസൂരി ബാധിച്ച് അച്ഛനും അമ്മയും വിഎസിന് നഷ്ടമായി. പിന്നീട് സഹോദരിയുടെയും മറ്റ് ബന്ധുക്കളുടെയും തണലിലായിരുന്നു ജീവിതം. ജീവിത ദുരിതങ്ങളെ തുടർന്ന് വി എസിന് ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. പിന്നീട് സഹോദരൻ്റെ ജൗളിക്കടയിൽ സഹായായി. ജൗളിക്കടയിൽ സഹായായി. ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായി ചേരുന്നതോടെയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുന്നത്. 17ാം വയസ്സിൽ അന്ന് നിരോധിക്കപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. അന്ന് കയർ ഫാക്ടറി തൊഴിലാളിയായിരുന്ന വി എസ് അച്യുതാനന്ദൻ പി കൃഷ്ണപിള്ള, ആർ സുഗതൻ, സി ഉണ്ണിരാജ എന്നിവരുടെ പാർട്ടി ക്ലാസുകളിൽ പങ്കെടുത്തതോടെ തിരുവിതാംകൂറിലെ തൊഴിലാളി സമരങ്ങളുടെ ഭാഗമായി മാറി.

കുട്ടനാട്ടെ പാടശേഖരങ്ങളിൽ കർഷകരുടെ അവകാശപോരാട്ടങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായപ്പോൾ കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ വി എസ് നേതൃപരമായി ഇടപെടൽ നടത്തിയിരുന്നു. പിന്നീട് പുന്നപ്രയിലും വയലാറിലും നടന്ന തൊഴിലാളി സമരങ്ങളിലും വി എസ് നേതൃപരമായി ഇടപെട്ടിരുന്നു. പുന്നപ്ര വയലാർ സമരത്തെ തുടർന്ന് കസ്റ്റഡിയിലായ വി എസ് നേരിട്ടത് കൊടിയ പൊലീസ് മർദനമായിരുന്നു.

ഐക്യകേരള രൂപീകരണത്തിന് മുൻപ് 1952ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷണൽ സെക്രട്ടറിയായി വി എസ് നിയോഗിതനായി. 1956ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. 1959ൽ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1964ൽ സിപിഐയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന 32 നേതാക്കൾ പുതിയ പാർട്ടി രൂപീകരിച്ചതോടെ സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായി വി എസ് മാറി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന വി എസ് അച്യുതാനന്ദൻ 1985ൽ പൊളിറ്റ്ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1992വരെ ഒരു വ്യാഴവട്ടക്കാലം സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്നു

Related posts

Leave a Reply

Your email address will not be published. Required fields are marked *