
ചാരുംമൂട്: സി.പി.എം യുവനേതാവ് പാര്‍ട്ടി വിട്ട് മാവേലിക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി. ചുനക്കര ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന കെ.സഞ്ജുവാണ് സി.പി.എമ്മില്‍നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയായത്. ഇതോടെ ജില്ലയില്‍ സി.പി.എമ്മില്‍നിന്ന് എന്‍.ഡി.എയിലെത്തിയവരുടെ എണ്ണം രണ്ടായി. ദിവസങ്ങള്‍ക്ക് മുമ്പ്, സി.പി.എം നേതാവ് പി.എസ്. ജ്യോതിസ് പാര്‍ട്ടി വിട്ട് ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായിരുന്നു.
സഞ്ജു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചുനക്കര ഗ്രാമപ്പഞ്ചായത്തിലെ ചുനക്കര നടുവില്‍ കിഴക്ക് നാലാംവാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ആറുവര്‍ഷത്തോളം ഡി.വൈ.എഫ്.ഐ. ചാരുംമൂട് ഏരിയ സെക്രട്ടറിയായും മൂന്നുവര്‍ഷത്തോളം ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. പത്തുവര്‍ഷമായി സി.പി.എം. ചുനക്കര ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു.
അതേസമയം, സഞ്ജുവിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സി.പി.എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി.ബിനു അറിയിച്ചു. സി.പി.എമ്മിന്റെ പ്രഖ്യാപിത നയത്തെ വെല്ലുവിളിച്ച് മാവേലിക്കര നിയോജക മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് നടപടി. സാമ്പത്തികതിരിമറി നടത്തിയെന്ന ആരോപണത്തിനുമേല്‍ സി.പി.എം അന്വേഷണം നടക്കുന്നതിനാലാണ് സഞ്ചു ബി.ജെ.പി.യിലേക്ക് ചുവടുമാറ്റം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.