
വര്‍ക്കല: തീരദേശ ജനതയെ ചേര്‍ത്തുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന തീരദേശ സദസ്സ് 27ന് വര്‍ക്കലയില്‍ നടക്കും. വര്‍ക്കല ഗവണ്മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന തീരദേശ സദസ്സ് രാവിലെ 11 മണിക്ക് മത്സ്യബന്ധന-സാംസ്കാരിക-യുവജന വകുപ്പ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യുമെന്ന് വര്‍ക്കല മുനിസിപ്പല്‍ ചെയര്മാന് കെ.എം.ലാജി പത്രസമ്മേളനത്തില്‍ അറിയിച്ചു. തീരദേശത്തുള്ള ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കി ഉടനടി പരിഹാരം കണ്ടെത്തുക എന്നതാണ് ഈ തീരദേശ സദസ്സ് സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തീരദേശ സദസ്സ് കൊണ്ട് അര്‍ത്ഥമാക്കുന്നത് തീരദേശ നിവാസികളെ നേരിട്ട് കേട്ട് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുക എന്നതാണ്. ഏപ്രില്‍ 17 വരെ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളിലും പരാതികളിലും ഉപരിയായി അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ അറിയിക്കുവാനുള്ള അവസരമാണ് തീരദേശ സദസ്സിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ക്കല എം.എല്‍.എ അഡ്വ.വി.ജോയി പരിപാടിയില്‍ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്.അനില്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശ്, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഫിഷറീസ് ഡയറക്ടര്‍ ഡോ.അദീല അബ്ദുള്ള ഐ.എ.എസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തീരദേശ ജനതയുമായി സംവദിക്കുക, അവരുടെ പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുക, സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ 47 തീരദേശ മണ്ഡലങ്ങളിലും തീരദേശ സദസ്സ് സംഘടിപ്പിക്കുന്നത്. മെയ് 25 വരെ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഏപ്രില്‍ 23ന് പൊഴിയൂര്‍ ഗവ.യു.പി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തീരദേശ സദസ്സില്‍ പങ്കെടുക്കും. പരിപാടിയുടെ ഒന്നര മണിക്കൂര്‍ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയും തുടര്‍ന്നുള്ള രണ്ട് മണിക്കൂര്‍ മത്സ്യത്തൊഴിലാളികളുമായുള്ള സംവാദവുമാണ്. ഇതിനോടൊപ്പം ആദരവും ആനുകൂല്യ വിതരണവും സംഘടിപ്പിക്കും.