Breaking News

പൗരത്വ നിയമ ഭേദഗതി: വിജ്ഞാപനത്തിന് സ്റ്റേയില്ല; കേന്ദ്രം മറുപടി നല്‍കണം: ഏപ്രില്‍ 9ന് വീണ്ടും വാദം കേള്‍ക്കും

ദില്ലി: രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ച പൗരത്വ നിയമ ഭേദഗതി(സി.എ.എ) വിജ്ഞാപനത്തിന് സ്റ്റേ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തല്‍ക്കാലം അംഗീകരിച്ചില്ല. മൂന്നാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. സി.പി.എം, സി.പി.ഐ, ഡി.വൈ.എഫ്.ഐ, മുസ്ലീം ലീഗ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകള്‍ എന്നിവരാണ് സി.എ.എയ്‌ക്കെതിരെ ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഏപ്രില്‍ 9ന് വീണ്ടും വാദം കേള്‍ക്കും. ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുന്‍വിധിയോടുള്ള ഹര്‍ജികളാണ് കോടതിക്കു മുന്നിലുള്ളതെന്നും കേന്ദ്രം വാദിച്ചു.

അതേസമയം, നാല് വര്‍ഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്നും ആര്‍ക്കെങ്കിലും പൗരത്വം കിട്ടിയാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും അതിനാല്‍ സ്റ്റേ വേണമെന്നുമാണ് മുസ്ലിം ലീഗിനായി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചത്. സ്റ്റേ നല്‍കിയ ശേഷം വിശദമായ വാദം ഏപ്രിലില്‍ കേട്ടുകൂടേ എന്ന് സിബില്‍ ചോദിച്ചു. മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന നടപടിയെന്നും സ്റ്റേ നല്‍കിയാല്‍ അഭയാര്‍ത്ഥികളുടെ അവകാശം ലംഘിക്കപ്പെടുമെന്നും കേന്ദ്രം വാദിച്ചു. തുടര്‍ന്ന്, സ്റ്റേ വേണമെന്ന അപേക്ഷകളില്‍ ഏപ്രില്‍ 9ന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതുവരെ പൗരത്വം നല്‍കില്ലെന്ന് കേന്ദ്രം ഉറപ്പു നല്‍കിയില്ല. പൗരത്വ നിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ആകെ 236 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണയിലുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *