Breaking News

പാടിത്തിമിര്‍ത്ത് ചിന്മയി; വിലക്കിയവരെ അമ്പരിപ്പിച്ച് സ്റ്റേജ് ഷോ

കഴിവും നിശ്ചയദാര്‍ഢ്യവുമുള്ളവരെ ആര്‍ക്കും തകര്‍ത്തെറിയാന്‍ സാധിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ചിന്മയി എന്ന ഗായിക. ഏഴ് വര്‍ഷത്തിലധികമായി തമിഴ് സിനിമാരംഗത്ത് ഭ്രഷ്ട് എന്ന പ്രാചീനവും പ്രാകൃതവുമായ പകവീട്ടലിന്റെ ആധുനിക പതിപ്പായ ബാന്‍ അഥവാ മാറ്റിനിര്‍ത്തല്‍ എന്ന ദുരന്തം ആഭിമുഖീകരിക്കുകയായിരുന്നു ചിന്മയി. എന്നാല്‍ വെറുമൊരു സ്റ്റേജ് ഷോയിലൂടെ തന്നെ വിലക്കിയവരെ അമ്പരിപ്പിച്ചുകൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ ചിന്മയിയാണ് ഇന്ന് സോഷ്യല്‍ മീഡിയകളിലെ സൂപ്പര്‍ താരം. കവിയും ഗാനരചയിതാവുമായ വൈരമുത്തുവില്‍നിന്നും തനിക്ക് ലൈംഗിക പീഡനാനുഭവം ഉണ്ടായിയെന്ന് തുറന്നു പറഞ്ഞതോടെയാണ് ചിന്മയി തമിഴ് സിനിമയുടെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടത്.

എന്നാല്‍ വിലക്ക് നേരിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കമലഹാസന്റെ തഗ് ലൈഫ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സിനിമയില്‍ ദീ എന്ന ഗായിക പാടിയ മുത്തുമഴൈ എന്ന ഗാനം അവരുടെ അഭാവത്തില്‍ പാടിക്കൊണ്ട് ചിന്മയി നടത്തിയ തിരിച്ചുവരവ് ഗംഭീരമാണ്. ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ ഹൃദയത്തില്‍ ഏറ്റെടുക്കുകയായിരുന്നു ചിന്മയിയുടെ ആലാപനം. ഒറിജിനലിനേക്കാള്‍ മനോഹരം ചിന്മയി വേര്‍ഷനാണെന്ന് ഇതിനോടകം ലക്ഷക്കണക്കിന് സംഗീതപ്രേമികള്‍ അംഗീകരിച്ചുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ മുത്തുമഴൈ ചിന്മയി വേര്‍ഷന് ലഭിക്കുന്ന സ്വീകാര്യത ഇതിന് തെളിവാണ്. സിനിമയുടെ ഹിന്ദി-തെലുങ്ക് പതിപ്പുകളില്‍ ഈ ഗാനം ചിന്മയി തന്നെയാണ് ആലപിച്ചിരിക്കുന്നത്. എ.ആര്‍.റഹ്മാനാണ് സംഗീത സംവിധാനം. ചിന്മയി വേര്‍ഷന്‍ ആസ്വദിച്ച് അത്ഭുതത്തോടെ ഇരിക്കുന്ന നടന്‍ കമലഹാസനെ സ്‌റ്റേജ് ഷോയുടെ വീഡിയോയില്‍ കാണാന്‍ സാധിക്കും.

2002ല്‍ വൈരമുത്തുവിന്റെ തന്നെ വരികള്‍ക്ക് ശബ്ദം നല്‍കിയാണ് ചിന്മയി തമിഴ് സിനിമാപിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. 2002ല്‍ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിന് വേണ്ടി എ.ആര്‍.റഹ്മാന്റെ സംഗീത സംവിധാനത്തില്‍ ചിന്മയി പാടിയ ഒരു ദൈവംതന്ത പൂവേ എന്ന ഗാനം ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടു. ദേശീയ അവാര്‍ഡ് ലഭിച്ചില്ലെങ്കിലും തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാനതല അവാര്‍ഡിന് ആദ്യ ഗാനത്തില്‍തന്നെ ചിന്മയി അര്‍ഹയായി. തുടര്‍ന്ന് നിരവധി ഗാനങ്ങള്‍ പാടിയ ചിന്മയി 2007ലും 2010ലും തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാനതല അവാര്‍ഡ് സ്വന്തമാക്കി. തമിഴ്‌നാടിന് പുറത്ത് തെലുങ്ക് സിനിമാ മേഖലയില്‍ ഉള്‍പ്പെടെ നൂറിലധികം അവാര്‍ഡുകളും ചിന്മയിയെ തേടിയെത്തി.
വൈരമുത്തുവിന് എതിരെ മാത്രമല്ല, നടന്‍ രാധാ രവിക്കെതിരെയും ചിന്മയി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ ചിന്മയിക്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയന്റെ വാര്‍ഷിക വരിസംഖ്യയായ കേവലം 90 രൂപ അടച്ചില്ല എന്ന കാരണത്താല്‍ സംഘടനയ്ക്ക് പുറത്തുപോകേണ്ട് വന്നത് രാധാ രവിക്കെതിരായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു.

ആരോപണങ്ങള്‍ ഉന്നയിച്ചതോടെ വേട്ടക്കാരനെ വിട്ട് ഇരയുടെ ചോര കുടിക്കാനാണ് തമിഴ് സിനിമാ ലോകം താല്‍പര്യം കാണിച്ചത്. അങ്ങനെ ചിന്മയി എന്ന ഗായികയ്ക്ക് തമിഴ് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു കുറഞ്ഞു വന്ന് ക്രമേണ അവസരങ്ങള്‍ ഒന്നുംതന്നെ ഇല്ലാതായി. എന്നാല്‍, തോറ്റുകൊടുക്കാന്‍ ചിന്മയി തയാറല്ലായിരുന്നു. തമിഴില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ചിന്മയി സംരംഭ എന്ന നിലയിലും മികവ് തെളിയിച്ചു. സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ബിസിനസിലേക്കും കടന്നുചെന്ന ചിന്മയി കൊറിയന്‍, തായ്‌വാന്‍ സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഐല്‍ ഓഫ് സ്‌കിന്‍ എന്ന സ്ഥാപനത്തിന്റെ ഉടമകൂടിയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *