
വർക്കല: പാലച്ചിറ ദളവാപുരത്ത് ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം . പാലച്ചിറ കല്ലുപുരക്കൽ വീട്ടിൽ ലൈല (45) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. പാലച്ചിറയിൽ നിന്ന് മുക്കട കരിക്കകം റോഡിലേക്ക് പോകുകയായിരുന്ന കാർ ഇറക്കം ഇറങ്ങി വരവേ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലിൽ ഇടിക്കുക യായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന ഹമീദ് കുഞ്ഞ് (65), ഷെജിൻ ഹമീദ് (30), അബ്ദുൽ റഹ്മാൻ (17) എന്നിവർക്ക് പരിക്കേറ്റു. ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ലൈലയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്നവർ ഒരേ കുടുംബാംഗങ്ങളാണെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

