
കോട്ടയം: പാലാ സീറ്റ് നല്‍കില്ലെന്ന് സി.പി.എം നേതൃത്വം എന്‍.സി.പി ദേശീയ നേതൃത്വത്തെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. അതോടെ, മാണി.സി.കാപ്പന് യു.ഡി.എഫിലേക്ക് ചേക്കേറാനുള്ള സാധ്യതയും തെളിയുകയാണ്.
പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന എന്‍സിപിയുടെ ആവശ്യവും മുഖ്യമന്ത്രി തള്ളിയതായും വാര്‍ത്തകളുണ്ട്. പാലയ്ക്ക് പകരം കുട്ടനാട് സീറ്റാണ് പിണറായി വിജയന് എന്‍.സി.പി നേതൃത്വത്തിന് മുന്നില്‍ വച്ചത്. എന്നാല്‍ ഇത് എന്‍.സി.പി നേതൃത്വം അംഗീകരിക്കുമോയെന്ന് സംശയമാണ്. പാല സീറ്റിന് പകരമായി ആവശ്യപ്പെട്ട രാജ്യസഭ സീറ്റും നിഷേധിച്ചാല്‍ പിന്നെ മുന്നണിയില്‍ തുടരുന്നത് കാപ്പന് എന്ന വ്യക്തിക്ക് മാത്രമല്ല, പാര്‍ട്ടിക്ക് ഒന്നാകെ ക്ഷീണമാണെന്ന അഭിപ്രായത്തില്‍ എന്‍.സി.പി ദേശീയ നേതൃത്വം എത്തിച്ചേര്‍ന്നാല്‍ അത് മുന്നണിമാറ്റത്തിന് വഴിവയ്ക്കും.
മാത്രമല്ല, പ്രഫുല്‍ പട്ടേല്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ട് നല്കാത്തത്തില് എന്‍സിപി ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്. സിപിഎം തീരുമാനം അറിഞ്ഞ പവാര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനോട് അടിയന്തരമായി മുംബൈയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം കാപ്പനും പീതാംബരനും പവാറിനെ കാണും. ഈ കൂടിക്കാഴ്ച നിര്‍ണായകമാകും. മിക്കവാറും ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം എന്‍സിപിയുടെ മുന്നണി മാറ്റത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും.
എന്നാല്‍, ഏലത്തൂര്‍ സീറ്റ് ലഭിച്ചാല്‍ മന്ത്രി ശശീന്ദ്രന് ഇടതുപക്ഷത്തില്‍ തുടരാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ എന്‍.സി.പി പിളരുമെന്ന് ഉറപ്പാണ്. കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗം എല്‍.ഡി.എഫിലേക്ക് വന്നതോടെയാണ് പാല സീറ്റ് കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയായത്. എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഉത്തരത്തിലിരുന്നത് കിട്ടിയപ്പോള്‍ കക്ഷത്തിലിരുന്നത് പോയി എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.