
തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍നിന്നും രക്ഷിക്കുമെന്ന് ഇ.ശ്രീധരന്‍. അടിസ്ഥാന സൗകര്യ വികസനത്തിലാണ് ബി.ജെ.പി ശ്രദ്ധയൂന്നുന്നതെന്നും മെട്രോമാന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരണം. കഴിഞ്ഞ 20 വര്‍ഷമായി ഒരു നല്ല വ്യവസായം കേരളത്തില്‍ വന്നിട്ടില്ല. വരാന്‍ സമ്മതിക്കുന്നില്ല ഇവിടുത്തെ ആള്‍ക്കാര്‍. ആ സ്വഭാവം മാറണം. വ്യവസായങ്ങള്‍ വരാതെ ആളുകള്‍ക്ക് ജോലി കിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്പര്യമുള്ളത് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തിന് ഗുണം നോക്കി ചെയ്യുന്നില്ല. ഉദാഹരണത്തിന് സില്‍വര്‍ ലൈന്‍. അതുകൊണ്ട് ഒരു ഗുണവും കേരളത്തിന് ഉണ്ടാകാന്‍ പോകുന്നില്ല. അവര്‍ക്ക് രാഷ്ട്രീയ സൗകര്യം കിട്ടുന്നത് ചെയ്തിട്ട് കാര്യമില്ല. രാജ്യത്തിന് എന്താണ് വേണ്ടത് അതാണ് ചെയ്യേണ്ടത്.’- ഇ.ശ്രീധരന്‍ വ്യക്തമാക്കി.
കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദോഷംചെയ്യുന്നതെന്നും കിഫ്ബി വഴി എടുത്ത ഭീമമായ തുക എങ്ങനെ തിരിച്ചടയ്ക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രളയത്തെ നേരിട്ട രീതിയെയും അദ്ദേഹം ചോദ്യംചെയ്തു. കേരളത്തില്‍ പ്രളയമുണ്ടായത് എങ്ങനെയെന്ന് കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും അതൊരു സ്വാഭാവിക പ്രളയം ആയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയൊരു പ്രളയം ഉണ്ടാകാതിരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പ്രളയം ബാധിച്ചവരുടെ പുനരധിവാസം ഇതുവരെയും പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് ആവശ്യമായ പ്രോജക്റ്റുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും പേര് വര്‍ദ്ധിപ്പിക്കുന്ന പദ്ധതികളിലാണ് അവര്‍ക്ക് താല്‍പര്യമെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം അതിന് തെളിവായി അനുമതി ലഭിച്ച ചില റെയില്‍വേ പ്രോജക്ടുകളും, നിലമ്പൂര്‍ നഞ്ചംകോട് ലൈന്‍, തിരുവന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ തുടങ്ങിയ പദ്ധതികളും സര്‍ക്കാര്‍ വേണ്ടെന്നുവച്ചത് ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ പദവിയില്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ പദവിയായ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരമില്ല. അതുകൊണ്ടുതന്നെ ആ സ്ഥാനത്ത് നിന്നുകൊണ്ട് സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും എവിടെ മത്സരിക്കണമെന്നതും പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.