
ചിറയിൻകീഴ് ∙ അഞ്ചുതെങ്ങ് സ്വദേശിയായ വിദ്യാർഥിനി യുക്രെയ്നിലെ യുദ്ധഭൂമിയിൽ നിന്ന് ഇന്നലെ വീട്ടിൽ തിരിച്ചെത്തി. അഖില ഭവനിൽ ലെനിൻദേവദാസ്-അനിത ദമ്പതികളുടെ മകൾ അഖില ലെനിനാണു കൊച്ചയിൽ വിമാനമിറങ്ങി നാട്ടിലെത്തിയത്. ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയായ അഖില യുക്രെയ്നിലെ ലിബിയൻ നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലായിരുന്നു പഠിച്ചിരുന്നത് . കഴിഞ്ഞ ദിവസങ്ങളിൽ യുദ്ധം രൂക്ഷമായതിനെത്തുടർന്നു കീവ് ഇന്ത്യൻ എംബസിയുടെ അടിയന്തിര നിർദേശത്തെത്തുടർന്നു യുക്രെയ്നിൽ നിന്നു പോളണ്ട് ബോർഡർ വഴിയാണു അഖിലയും സംഘവും യുദ്ധഭീഷണികളിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടതെന്നു അഖില പറഞ്ഞു.
പോളണ്ടിലെ ബോർഡർ മേഖലയിൽ എത്തിച്ചേരാൻ കഠിനമായ തണുപ്പിൽ കിലോമീറ്ററുകൾ കാൽനടയായി യാത്ര ചെയ്യേണ്ടി വന്നു.അതിർത്തിയിലെത്തിയവരെ സേവ ഇന്റർനാഷനൽ വൊളന്റീയർമാരുടെ സംഘം സ്വീകരിക്കുകയും തുടർന്നു ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വിദ്യാർഥികളടങ്ങുന്ന സംഘത്തെ അടുത്തുള്ള ഹോട്ടലിലേക്കു മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. വിശ്രമത്തിനും മറ്റുമായി എല്ലാ സൗകര്യങ്ങളും നൽകിയതായും അഖില പറഞ്ഞു.