പീഡന ശ്രമം നടത്തിയ പ്രതിക്ക് മൂന്ന് വർഷം തടവും 10000 രൂപ പിഴയും ശിക്ഷയുമാണ് കോടതി വിധിച്ചത്. തേക്കിൻകാട് സ്വദേശി രാജേഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് ശിക്ഷ വിധിച്ചത്.

ആറ്റിങ്ങൽ: പരിചയക്കാരിയായ സ്ത്രീയെ വീട്ടിലെത്തിക്കാം എന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി വീടിന് സമീപം എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി. പീഡന ശ്രമം നടത്തിയ പ്രതിക്ക് മൂന്ന് വർഷം തടവും 10000 രൂപ പിഴയും ശിക്ഷയുമാണ് കോടതി വിധിച്ചത്. തേക്കിൻകാട് സ്വദേശി രാജേഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് ശിക്ഷ വിധിച്ചത്.
2014 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മകന് വിദേശത്ത് പോകുന്നതിനുള്ള ആവശ്യത്തിനായി പണം കടം വാങ്ങി വരവെയാണ് പരിചയക്കാരനായ ഓട്ടോ ഡ്രൈവർ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി അതിക്രമം കാട്ടിയത് എന്നാണ് പരാതി. തുടർന്ന് പരുക്കേറ്റ അതിജീവിതയെ മകനും സുഹൃത്തും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം അനിൽകുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പതിനാല് സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം മുഹസിനാണ് ഹാജരായത്.
