Breaking News

ആശുപത്രിയിൽ യുവതിയോട് അതിക്രമം; വെട്ടുകത്തിയുമായി വീട്ടിലെത്തി വധഭീഷണി

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ നിരന്തരം ശല്യം ചെയ്തതായി പരാതി; മണമ്പൂർ സ്വദേശി അറസ്റ്റിൽ

കല്ലമ്പലം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവതിയെ നിരന്തരം ശല്യം ചെയ്യുകയും ആശുപത്രിയിൽവെച്ച് അതിക്രമം കാട്ടുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. യുവതിയും സഹോദരിയും വീട്ടിലെത്തിയതിനു പിന്നാലെ വെട്ടുകത്തിയുമായി വീട്ടിൽ അതിക്രമിച്ചുകയറി വധഭീഷണി മുഴക്കിയെന്ന പരാതിയിലും നടപടിയെടുത്തു. മണമ്പൂർ സ്വദേശി കണ്ണൻ എന്നുവിളിക്കുന്ന സുജിത്തിനെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 20ന് ഉച്ചയ്ക്ക് 12.30ഓടെയാണ് കേസിനാസ്പദമായ സംഭവം. ചികിത്സയ്ക്കായി മണമ്പൂർ ഗവൺമെന്റ് ആശുപത്രിയിലെത്തിയ യുവതിയുടെ കൈയിൽ പ്രതി കടന്നുപിടിക്കുകയും കൂടെ ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ആവശ്യം നിരസിച്ചതോടെ യുവതിയെയും ഒപ്പമുണ്ടായിരുന്ന സഹോദരിയെയും അസഭ്യം പറയുകയും യുവതിയെ ബലമായി പിടിച്ച് ശരീരത്തോട് ചേർത്തുനിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം.നിരവധി പേർ നോക്കിനിൽക്കെയാണ് അതിക്രമം നടന്നതെന്നും യുവതി പോലീസിന് മൊഴി നൽകി.

പ്രതി ഏറെനാളായി പ്രണയാഭ്യർത്ഥനയുമായി പിന്നാലെ നടക്കുകയായിരുന്നുവെന്നും ഇത് നിരസിച്ചതോടെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തുവരികയായിരുന്നുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയിലെ സംഭവത്തിനുശേഷം യുവതിയും സഹോദരിയും വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതി പിന്തുടർന്നതായും പരാതിയുണ്ട്. ഇരുവരും വീട്ടിലെത്തിയതിന് പിന്നാലെ വെട്ടുകത്തിയുമായി വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി സഹോദരിമാരിൽ ഒരാളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പോലീസിനെ അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ കല്ലമ്പലം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *