Breaking News

ശിവഗിരി മഠത്തിലെ അസ്പർശാനന്ദ സ്വാമികൾ സമാധിയായി

വർക്കല : ശിവഗിരി മഠത്തിൻ്റെ ശാഖാ സ്ഥാപനമായ ആലപ്പുഴ മുഹമ്മ വിശ്വഗാജി മഠത്തിൻ്റെ സെക്രട്ടറിയും ശിവഗിരി മഠത്തിലെ സീനിയർ സന്യാസിയുമായ ശ്രീമദ് അസ്പർശാനന്ദ സ്വാമികൾ ഞായർ വെളുപ്പിന് സമാധിയായി. രാവിലെ 10 മണി വരെ മുഹമ്മ വിശ്വഗാജി മഠത്തിലെ പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം ശിവഗിരിയിൽ കൊണ്ടുവരുന്നതാണ്. ഉച്ചയ്ക്ക് 2 മണി മുതൽ പ്രത്യേക പ്രാർത്ഥനയും പൊതു ദർശനവും നടക്കുന്നതാണ്. തുടർന്ന് വൈദിക ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം 4 മണിക്ക് ശിവഗിരിയിൽ സമാധി ചടങ്ങുകൾ നടക്കും.

ഇടുക്കി മുനിയറ എന്ന ഗ്രാമത്തിൽ ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽ ജനിച്ച സ്വാമിജി തൻ്റെ ജീവിതം ഭഗവാൻ ശ്രീ നാരായണ ഗുരുദേവ ദർശനങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കു വാനായി മാറ്റി വെക്കുകയായിരുന്നു. നല്ല ഒരു പ്രഭാഷകനായിരുന്ന സ്വാമിജി ഗുരുദർശനം പ്രചരിപ്പിക്കുന്നതിനായി ഇന്ത്യയിൽ മുഴുവനും സഞ്ചരിച്ചിട്ടുണ്ട്.ഗുരുദേവൻ്റെ മതാതീത ആത്മീയത കാഴ്ചപ്പാടിലൂന്നിയുള്ള സ്വാമിജിയുടെ പ്രഭാഷണങ്ങൾ വളരെ ശ്രദ്ധേയമാണ്. സ്വാമിജിയുടെ കഠിനമായ പ്രയത്‌നം ഒന്ന് കൊണ്ട് മാത്രമാണ് അഞ്ച് ഏക്കർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന മുഹമ്മ വിശ്വഗാജി മഠം ഇന്ന് കാണുന്ന രീതിയിൽ പുരോഗതി പ്രാപിച്ചത്.നല്ല ഒരു ധ്യാന മണ്ഡപവും ഗുരുക്ഷേത്രവും അതിനോട് ചേർന്ന് ശിവക്ഷേത്രവും പണിയുക എന്ന ആഗ്രഹം സ്വാമിജി സഫലീകരിച്ചു. ഇപ്പോൾ ആശ്രമത്തിൽ ഒരു അന്നദാന മന്ദിരത്തി ന്റെയും അടുക്കളയുടെയും പണി പൂർത്തീകരിച്ചിരിക്കുകയാണ്. അതിൻ്റെ ഉദ്ഘാടനത്തിന് കാത്ത് നില്ക്കാതെയാണ് സ്വാമിജി ഗുരുസന്നിധിയിലേക്ക് യാത്രയാകുന്നത്. ശിവഗിരി മഠത്തിൻ്റെ കേരളത്തിലെ വിവിധ ശാഖാ സ്ഥാപനങ്ങളുടെ ചുമതല വഹിച്ച സ്വാമിജി ജീവിതത്തിൻ്റെ ഭൂരിഭാഗവും ചിലവഴിച്ചത് ആലപ്പുഴ ജില്ലയിലായിരുന്നു. ആലപ്പുഴ ജില്ലയിൽ സ്വാമിജി പ്രഭാഷണങ്ങൾ നടത്താത്ത ഒരു ഗ്രാമപ്രദേശവും കാണില്ല. സ്വാമിയുടെ സമാധി ആലപ്പുഴയുടെ സാമൂഹിക സാംസ്കാരിക ആത്മീയ മേഖലക്ക് ഒരു തീരാനഷ്ടമാണ് .

Related posts

Leave a Reply

Your email address will not be published. Required fields are marked *