
ന്യൂഡല്‍ഹി: ഓക്സിജനുവേണ്ടി യാചിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കോവിഡ് അതിരൂക്ഷമായി ബാധിച്ച പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയിലായിരുന്നു കെജ്രിവാളിന്റെ ദയനീയ സ്വരം. ‘സര്, എനിക്ക് നിങ്ങളുടെ മാര്‍ഗനിര്‍ദേശം വേണം. ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം വര്‍ധിക്കുകയാണ്.
ഓക്സിജന്‍ പ്ലാന്റുകള്‍ ഇല്ലെങ്കില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഓക്സിജന്‍ ലഭിക്കില്ലെന്നാണോ? ഡല്‍ഹിയിലേക്ക് വരുന്ന ഓക്സിജന്‍ ടാങ്കറുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ തടയാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ ആരോടാണ് ഞാന്‍ സംസാരിക്കേണ്ടത്…’-അദ്ദേഹം ചോദിച്ചു. ഓക്സിജന്‍ ടാങ്കറുകള്‍ തടയുന്ന അതിര്‍ത്തി സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് സംസാരിച്ച് ഡല്‍ഹിയിലേക്ക് ഓക്സിജന്‍ എത്തിക്കാനുള്ള മാര്‍ഗം ഉണ്ടാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗാള്‍, ഒഡിഷ എന്നിവിടങ്ങളില്‍നിന്ന് വ്യോമമാര്‍ഗം ഓക്സിജന്‍ എത്തിക്കാനുള്ള മാര്‍ഗമുണ്ടാക്കണമെന്ന് കേജ്രിവാള് മോദിയോട് ആവശ്യപ്പെട്ടു. ബംഗാള്‍, ഒഡിഷ, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് ഓക്സിജന്‍ എത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും അന്തര്‍ സംസ്ഥാന ഓക്സിജന്‍ നീക്കം അതിര്‍ത്തിയില്‍ സംസ്ഥാനങ്ങള്‍ തടയുന്നതായും ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പരാതിപ്പെട്ടിരുന്നു. റോഡ് മാര്‍ഗമുള്ള നീക്കം പലപ്പോഴും തടസ്സപ്പെടുന്നതിനാലാണ് ഒഡിഷയില്‍ നിന്ന് വ്യോമമാര്‍ഗം ഓക്സിജന്‍ എത്തിക്കാന്‍ കേജ്രിവാള് ആവശ്യപ്പെട്ടത്.