
കടയ്ക്കാവൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കുപ്രസിദ്ധ കുറ്റവാളി കാപ്പാ നിയമപ്രകാരം അറസ്റ്റില്‍. പെരുംകുളം മലവിളപൊയ്ക ഫാത്തിമ മനസിലില്‍ താഹ(30)യെയാണ് കാപ്പ നിയമപ്രകാരം കരുതല്‍ തടവിലാക്കിയത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ ഉത്തരവ് പ്രകാരമാണ് ഇയാളെ ആറുമാസം കരുതല്‍ തടവിലാക്കിയത്.
ഒളിവിലായിരുന്ന പ്രതിയെ പിടികൂടുന്നതിനായി തിരുവനന്തപുരം റൂറല്‍ എസ്.പി ശില്‍പ ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം വര്‍ക്കല ഡി.വൈ.എസ്.പി സി.ജെ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ സജിന്‍ ലൂയിസ് എസ്.ഐ ദീപു, എസ്.സി.പി.ഒ അനീഷ്, സി.പി.ഒമാരായ സുജില്‍, ലിജു, അനില്‍കുമാര്‍, അഖില്‍, ഡാനി എന്നിവരടങ്ങിയ അന്വേഷണ സംഘം വിതുരയിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.