Breaking News

വിസ തട്ടിപ്പ് കേസിലെ പ്രതി റിമാന്‍ഡില്‍

രാജീവ്

വര്‍ക്കല: നിരവധി വിസ തട്ടിപ്പ് കേസുകളിലെ പ്രതി റിമാന്‍ഡില്‍. ഇന്നലെ രാവിലെയാണ് തിരുവനന്തപുരം കടകംപള്ളി ആള്‍സെയിന്റ്‌സ് കോളേജിന് സമീപം ടി.സി 32/771 സൗമ്യ ഭവനില്‍ വേലപ്പന്റെ മകന്‍ കൊച്ചനുജന്‍ എന്ന് വിളിക്കുന്ന രാജീവ് (48) അയിരൂര്‍ പോലീസിന്റെ പിടിയിലായത്. അയിരൂര്‍ കടയില്‍ വീട്ടില്‍ സതീഷ് കുമാറിന്റെ മകന്‍ വിഷ്ണു സതീഷിന്റെ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
വിഷ്ണുവിനെ സിംഗപ്പൂരില്‍ ജോലി ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കി പ്രതി രാജീവ് രണ്ട് തവണയായി 20000 രൂപ കൈപ്പറ്റിയിരുന്നു. എന്നാല്‍, അവസാനം വിസയും ഇല്ല, പണവും ഇല്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെയാണ് വിഷ്ണു പരാതിയുമായി പോലീസിനെ സമീപിച്ചത്. ഈ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് മുങ്ങി നടക്കുകയായിരുന്ന പ്രതി അയിരൂര്‍ പോലീസിന്റെ പിടിയിലായത്.
അറസ്റ്റിലായ രാജീവ് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ സമാന കേസുകളില്‍ പ്രതിയാണ്. വര്‍ക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നിര്‍ദ്ദേശപ്രകാരം അയിരൂര്‍ എസ്.എച്ച്.ഒ ഗോപകുമാര്‍.ജി, എസ്.ഐ പി.രാജേഷ്, ഗ്രേഡ് എ.എസ്.ഐമാരായ റഹിം, ബി.ശ്രീകുമാര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *