

പോത്തൻകോട് : മദ്യപിച്ച് കടയുടെ മുന്നിൽ ബഹളം വച്ചത് ചോദ്യംചെയ്ത സുരക്ഷാ ജീവനക്കാരന് മർദനമേറ്റു. അക്രമിസംഘത്തെ പോലീസ് പിടികൂടി. പോത്തൻകോട് താഴെമുക്കിൽ വീട്ടുപകരണങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ ഷംനാദ് (39) നാണ് മൂന്നംഗ സംഘത്തിന്റെ മർദനമേറ്റത്. പാങ്ങപ്പാറ സ്വദേശികളായ വിഷ്ണു (26), സമർഥ് രാജ്(22), വിനു മോഹൻ (26) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് പോത്തൻകോട് പോലീസ് സ്റ്റേഷനു സമീപമുള്ള സ്ഥാപനത്തിൽവെച്ച് ജീവനക്കാരനെ അക്രമികൾ മർദിച്ചത്.
ഗുരുതര പരിക്കേറ്റ ഷംനാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിൽ ഷംനാദിന്റെ വലതുകാലിന് പൊട്ടലുണ്ട്. നട്ടെല്ലിന് ക്ഷതവും സംഭവിച്ചിട്ടുണ്ട്. അക്രമികളെ സംഭവസ്ഥലത്തു വെച്ചുതന്നെ പോത്തൻകോട് പോലീസ് പിടികൂടി. അറസ്റ്റിലായവർ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.