

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് നേരെ ഉയര്‍ന്ന മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് സി.പി.എം നേതാവ് എ.കെ.ബാലന്. പിണറായിയുടെ മറുപടി പേടിച്ചാണ് പ്രതിപക്ഷം ഈ വിഷയം സഭയില്‍ കൊണ്ടുവരാതിരുന്നതെന്നായിരുന്നു എ.കെ.ബാലന് പറഞ്ഞത്.

മാസപ്പടി വിവാദം പൊട്ടിത്തെറി ഉണ്ടാക്കാന്‍ പോകുന്നത് കോണ്‍ഗ്രസിലും യു.ഡി.എഫിലും ആണ്. അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ യു.ഡി.എഫിന് യാതൊരു തടസ്സവുമില്ലായിരുന്നു. ഈ വിവാദം കേരള സമൂഹം പരമപുച്ഛത്തോടെയാണ് കാണുന്നത്-അദ്ദേഹം വിശദീകരിച്ചു.

മാസപ്പടി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരാവശ്യം കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവിനും ഉണ്ടോയെന്ന് എ.കെ.ബാലന് ചോദിച്ചു. വീണാ വിജയന് മാസപ്പടി വാങ്ങിയെന്ന വിവാദത്തിനൊപ്പം തന്നെ ഈ വിഷയം സഭയില്‍ ഉന്നയിക്കാതിരുന്ന പ്രതിപക്ഷ നിലപാടും വിവാദ വിഷയമായിരുന്നു.

അടിയന്തിര പ്രമേയ നോട്ടീസ് ഇല്ലാത്തതിന് സാങ്കേതിക ന്യായം നിരത്തിയും മാധ്യമങ്ങളെ കുറ്റംപറഞ്ഞുമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മാസപ്പടി വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. ശശിധരന് കര്‍ത്തയില്‍ നിന്നും യു.ഡി.എഫ് നേതാക്കള്‍ പണം വാങ്ങിയതില്‍ തെറ്റില്ലെന്നും പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നും വി.ഡി.സതീശന് ന്യായീകരിച്ചിരുന്നു.