
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി സമരം തുടരുന്ന കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് രാജ്യമൊട്ടാകെ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം നാല് മാസം പൂര്‍ത്തിയാകുന്ന മാര്‍ച്ച് 26നാണ് ഭാരത് ബന്ദ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു കൂടി കര്‍ഷക സമരം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് രാജ്യവ്യാപകമായി ബന്ദ് നടത്താനുള്ള തീരുമാനമെന്നാണ് സൂചന. മടങ്ങിപ്പോയ പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലെ സമരസ്ഥലങ്ങളിലേയ്ക്ക് മടങ്ങിവരുമെന്നും സംഘടനകള്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുംവരെ സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. 2020 ഡിസംബര്‍ എട്ടിന് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇടതു പാര്‍ട്ടികള്‍, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ ഇതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.