
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്‍എസ്എസിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കേസ് നടത്തി തോറ്റ എന്‍.എസ്.എസ് ജനങ്ങളെ സര്‍ക്കാരിനെതിരെ അണിനിരത്തിയെന്നായിരുന്നു കാനത്തിന്റെ കുറ്റപ്പെടുത്തല്‍. കോടതി വിധി വരുന്നതു വരെ കാത്തിരിക്കുന്നതാണു മര്യാദയെന്നും കാനം പറഞ്ഞു.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമല വിഷയത്തില്‍ തെറ്റുപറ്റിയെന്ന കടകംപള്ളിയുടെ ഏറ്റുപറച്ചിലിനെ തള്ളിപ്പറഞ്ഞുകൊണ്ട് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു അത്.
ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അത് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുമുണ്ട് എന്നായിരുന്നു ജി.സുകുമാരന്‍ നായര്‍ പറഞ്ഞത്. അതേസമയം, ശബരിമല വിഷയത്തില്‍ കോടതിയുടെ അന്തിമവിധി വന്നശേഷം എല്ലാവരോടും ആലോചിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പറഞ്ഞത്.