Breaking News

വൃക്ഷവല്‍ക്കരണം പ്രോത്സാഹിപ്പിക്കണം: മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം: തരിശുഭൂമിയിലും ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളിലും പരമാവധി വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. വീട്ടിലോ പരിസരത്തോ ഒരു തൈ എങ്കിലും വച്ചുപിടിപ്പിക്കാനായാല്‍, അതാവും നാടിനും ഭാവി തലമുറയ്ക്കുമായി ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷനുമായി ചേര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ പഞ്ചായത്തില്‍ മത്തനാട് കാവോരം വീഥിയില്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുഴയൊഴുകും മാണിക്കല്‍ പദ്ധതിയുടെ ഭാഗമായി നിരവധി നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണെന്നും ഒരു കാലത്ത് നാട്ടില്‍ സുലഭമായിരുന്നതും എന്നാല്‍ ഇപ്പോള്‍ അപ്രത്യക്ഷമായി വരുന്നതുമായ ഫലവൃക്ഷങ്ങള്‍ തിരികെ കൊണ്ടുവരണമെന്നും അതിലൂടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്ക് വഴിയൊരുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ലോകം മരുഭൂവല്‍ക്കരണവും തരിശുഭൂമി വര്‍ധനയും നേരിടുന്ന പശ്ചാത്തലത്തില്‍ നമ്മുടെ ഭൂമിക്കും ഭാവിക്കുമായി ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങളും വിലപ്പെട്ടതാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ച നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണുമായ ഡോ.ടി.എന്‍.സീമ പറഞ്ഞു. തരിശിടങ്ങളില്‍ പച്ചപ്പൊരുക്കാന്‍ ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പച്ചത്തുരുത്തുകള്‍ കേരളം 2050 ല്‍ കൈവരിക്കാന്‍ ലക്ഷ്യമിടുന്ന നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണെന്നും ഡോ. ടി.എന്‍. സീമ വ്യക്തമാക്കി.

മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖാ കുമാരി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം.അനില്‍കുമാര്‍, വിജയകുമാരി.ആര്‍, മറ്റ് ജനപ്രതിനിധികള്‍, ഹരിതകേരളം മിഷനിലെയും വിവിധ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു. പുഴയൊഴുകും മാണിക്കല്‍ പദ്ധതിയുടെ ഭാഗമായി പുഴയോരത്ത് 14. കിലോമീറ്റര്‍ ദൂരത്ത് മുള തൈ വച്ചുപിടിപ്പിക്കുന്ന പരിപാടികള്‍ക്കും തുടക്കമായി. 15 ഇനങ്ങളിലുള്ള വിവിധയിനം മുളകളുടെ തൈകളാണ് ഇതിനായി ഉപയോഗിക്കുന്നത്

Related posts

Leave a Reply

Your email address will not be published. Required fields are marked *