Breaking News

വർക്കലയിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെയും കുടുംബത്തെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

വർക്കല: വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ പ്രതിയെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. ചെറുന്നിയൂർ കട്ടിംഗിൽ രേവതി നിലയത്തിൽ ബിജിത്ത് (28) ആണ് അറസ്റ്റിലായത്.

വർക്കല പുല്ലാന്നികോട് പുളിമുക്ക് പുന്നവിള വീട്ടിൽ കുടുംബസമേതം താമസിക്കുന്ന സജിത്തിന്റെ വീട്ടുമുറ്റത്ത് ജൂലൈ 23-ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. സജിത്തിന്റെ മാതാവിനെ അസഭ്യം വിളിച്ചും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ തടയാൻ സജിത്ത് ശ്രമിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.

പ്രതി വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി അസഭ്യം വിളിക്കുകയും സജിത്തിന്റെ കോളറിൽ കുത്തിപ്പിടിച്ച് തള്ളുകയും ചെയ്തു. തുടർന്ന് കൈവശമുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് സജിത്തിന്റെ തലയ്ക്ക് അടിക്കാൻ ശ്രമിച്ചു. സജിത്ത് ഒഴിഞ്ഞുമാറിയെങ്കിലും അടി ഇടത് നെറ്റിയിൽ പതിഞ്ഞ് പരിക്കേറ്റു.

ഇരുമ്പ് കമ്പി ഉപയോഗിച്ച് വലത് കാലിന്റെ വണ്ണയിൽ അടിച്ചതിനെ തുടർന്ന് അസ്ഥി പൊട്ടുകയും ചെയ്തു. നിലത്തുവീണ സജിത്തിനെ പ്രതി ചവിട്ടി ക്രൂരമായി മർദിച്ചതായും പരാതിയിൽ പറയുന്നു.

പരിക്കേറ്റ സജിത്ത് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കാലിലെ ഗുരുതര പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതായും അദ്ദേഹം അറിയിച്ചു.സംഭവത്തിനു ശേഷം സജിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *