
പുന്നമൂട് ജംഗ്ഷനില്‍ ആല്‍മരം കടപുഴുകി വീണപ്പോള്വര്ക്കല: പുന്നമൂട് ജംഗ്ഷനില്‍ റെയില്‍വേ ഗേറ്റിന് സമീപമുള്ള വന്‍ ആല്‍മരം കടപുഴുകിവീണു. ആളപായമില്ല. ഒരാള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആല്‍മരം ഇന്നലെയും ഇന്ന് രാവിലെയുമായി പെയ്ത കനത്ത മഴയെത്തുടര്‍ന്നാണ് കടപുഴുകിവീണത്. ആല്മരത്തിനോട് ചേര്‍ന്ന് ഗണപതി ക്ഷേത്രവുമുണ്ട്. ക്ഷേത്രത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.
റോഡിന് കുറുകെയാണ് മരം വീണതിനാല്‍ ഈ ഭാഗത്ത് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മരം വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണതിനാല്‍ സംഭവിച്ചതിനാല്‍ ഈ ഭാഗത്തെ വൈദ്യുതി വിതരണവും നിലച്ചിരിക്കുകയാണ്. ക്ഷേത്രത്തിന് നേരെ എതിര്‍ഭാഗത്ത് ഉണ്ടായിരുന്ന വീരജവാന്റെ സ്മൃതി മണ്ഡപവും തകര്‍ന്നിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധത്തില്‍ നാടിനുവേണ്ടി ജീവന് ത്യജിച്ച നായിക് വിനയന്റെ സ്മൃതി മണ്ഡപമാണ് തകര്‍ന്നത്. രണ്ട് ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

വളരെയേറെ ജനത്തിരക്കുള്ള മാര്‍ക്കറ്റ് ഉള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ജംഗ്ഷനില്‍ ലോക്ഡൗണ്‍ ആയതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ആല്‍മരം പിഴുതുവീണ സമയത്ത് റോഡിലുണ്ടായിരുന്ന ഒരാള്‍ പെട്ടെന്നുതന്നെ ഓടി മാറിയതുകൊണ്ട് തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. വര്‍ക്കല ഫയര്സ്റ്റേഷന് അസി.സ്റ്റേഷന് ഓഫീസര്‍ അനില്‍കുമാര്‍, ഗ്രേഡ് അസി.സ്റ്റേഷന് ഓഫീസര്‍ ഹരിലാല്‍, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരായ അജിത്ത്, പ്രതീഷ്, വിശാഖ്, അരുണ്‍, സാബു, സജിത്ത്, സുജിത്ത്, ഷൈന്ബോസ്, രാജീവന്, ഷൈജു പുത്രന് എന്നിവരുള്‍പ്പെട്ട ഫയര്‍ഫോഴ്സ് സംഘവും പോലീസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നുണ്ട്.