Breaking News

ഹത്രാസ് സംഭവം: പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍

ന്യൂഡല്‍ഹി: ഹത്രാസ് സംഭവത്തില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന പോലീസിന്റെ വാദം തള്ളി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല മെഡിക്കല്‍ കോളേജിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അസിം മാലിക്. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെയാണ് ഡോ.അസിം മാലിക് രംഗത്തെത്തിയത്.
ഫോറന്‍സിക് റിപ്പോര്‍ട്ടിന് ഉപയോഗിച്ചത് 11 ദിവസത്തോളം പഴക്കമുള്ള സാമ്പിളുകളാണെന്നും അതുകൊണ്ടുതന്നെ ആ ഫോറന്‍സിക് റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്നും നിയമപരമായ സാധുതയില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. കുറ്റകൃത്യം നടന്ന് 96 മണിക്കൂറിനുള്ളില്‍ ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കണമെന്നുള്ള സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശം നിലനില്‍ക്കെയാണ് ഇത്തരമൊരു വീഴ്ച.
പെണ്‍കുട്ടി ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ബലാല്‍സംഗം നടന്നിട്ടില്ലെന്ന വാദവുമായി യു.പി പോലീസ് രംഗത്തുവന്നിരുന്നു. ഈ വാദം തള്ളിക്കൊണ്ടാണ് ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് വരുന്നത്.
ഹത്രാസ് സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനംചെയ്ത രാജ്യവ്യാപക സത്യാഗ്രഹം നടക്കുകയാണ്. അതേസമയം ഹത്രാസ് വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *