Breaking News

എങ്ങനെ ധൈര്യം വന്നു? പ്രിയങ്കയെ പിന്തുണച്ച് മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ്

പ്രിയങ്കാ ഗാന്ധി, ചിത്ര വാഗ്

മുംബൈ: പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തില്‍ കുത്തിപ്പിടിച്ച പൊലീസുകാരന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര ബി.ജെ.പി വൈസ് പ്രസിഡന്റ് ചിത്ര വാഗ്. എന്തു ധൈര്യത്തിലാണ് ഒരു പുരുഷ പൊലീസ് ഓഫിസര്‍ ഒരു വനിതാ നേതാവിന്റെ വസ്ത്രത്തില്‍ കയറി പിടിച്ചതെന്ന് അവര്‍ ചോദിച്ചു. പോലീസുകാര്‍ ഉത്തരവാദിത്ത ബോധമുള്ളവരായിരിക്കണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കയ്യേറ്റ ചിത്രം പങ്കുവച്ചുകൊണ്ട് ചിത്ര വാഗ് ട്വീറ്റ് ചെയ്തു.
എന്‍സിപി നേതാവായിരുന്ന ചിത്ര കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ചിത്രയുടെ വാക്കുകളെ പ്രശംസിച്ചു മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സത്യജിത് താംബയും രംഗത്തെത്തി. ശനിയാഴ്ച ഹത്രസിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രിയങ്കയ്‌ക്കുനേരെ കയ്യേറ്റമുണ്ടായത്.
ഹത്രസിലേക്കു പുറപ്പെട്ട പ്രിയങ്കയെയും രാഹുലിനെയും ഒപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ തടയുന്നതിനിടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ഇടപെട്ടപ്പോഴാണു പ്രിയങ്കയുടെ വസ്ത്രത്തില്‍ പൊലീസുകാരന്‍ കുത്തിപ്പിടിച്ചത്. സംഭവത്തില്‍ നോയിഡ പൊലീസ് മാപ്പ് പറഞ്ഞിരുന്നു. പുരുഷ പൊലീസ് പ്രിയങ്കയെ കയ്യേറ്റം ചെയ്തതിനെക്കുറിച്ച് വനിതാ ഓഫിസറെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും നോയിഡ കമ്മിഷണറേറ്റ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *