
കൊച്ചി: ലൈഫ് മിഷന് സി.ഇ.ഒ. യു.വി ജോസ് സി.ബി.ഐക്ക് മുന്നില്‍ ഹാജരായി. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായാണ് യു.വി.ജോസ് രാവിലെ പതിനൊന്ന് മണിയോടെ കടവന്ത്രയിലെ സി.ബി.ഐ ഓഫീസില്‍ എത്തിയത്.
എഫ്.സി.ആര്.എ നിയമലംഘനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് കേസില്‍ സി.ബി.ഐ ചുമത്തിയിട്ടുള്ളതെങ്കിലും അഴിമതിക്കേസുകൂടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. യു.വി.ജോസിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ഇക്കാര്യം തീരുമാനിക്കുക. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് പ്രധാന രേഖകള്‍ ഹാജരാക്കണമെന്നും അദ്ദേഹത്തിനോട് സിബിഐ ആവശ്യപ്പെട്ടിരുന്നു. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍, ലൈഫ് മിഷന് പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ ഇക്കൂട്ടത്തിലുണ്ട്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി റെഡ് ക്രെസന്റുമായി കരാറില്‍ ഒപ്പിട്ടത് യു. വി ജോസായിരുന്നു. സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് യു.വി ജോസ് ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരായിട്ടുള്ളത്.