Breaking News

ഹൈക്കോടതി കനിഞ്ഞില്ല: ലൈഫില്‍ സി.ബി.ഐക്ക് മുന്നോട്ടുപോകാം; സര്‍ക്കാര്‍ കുരുക്കില്‍

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐക്ക് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസില്‍നിന്ന് സിബിഐയെ വിലക്കണമെന്നും സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് പരിഗണിച്ച കോടതി ഹര്‍ജിയില്‍ ബോധിപ്പിച്ച കാര്യങ്ങള്‍ അപ്പാടെ തള്ളുകയായിരുന്നു. ലൈഫ്മിഷന്‍ സി ഇ ഒ അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് വി ജി വരുണിന്റെ ബഞ്ച് ഉത്തരവിട്ടു. സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സി.ഇ.ഒ ആണ് ഹര്‍ജി നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ കേസ് രജിസ്റ്റര്‍ ചെയ്ത സി.ബി.ഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും റെഡ്ക്രസന്റും യൂണിടാകും തമ്മിലുള്ള കരാറില്‍ സര്‍ക്കാരിന് പങ്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ.വി.വിശ്വനാഥനാണ് സര്‍ക്കാരിന് വേണ്ടി വാദിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു വാദം. കോണ്‍ഗ്രസ് നേതാവ് രാഷ്ട്രീയ വൈരാഗ്യം വെച്ച് നല്‍കിയ പരാതിയാണ്. പാവങ്ങള്‍ക്ക് വീട് വെച്ച് നല്‍കാനുള്ള പദ്ധതിയാണ് ലൈഫ് മിഷന്‍. പ്രളയദുരിതത്തെ തുടര്‍ന്ന് യു.എ.ഇ റെഡ്ക്രസന്റ് സഹായം നല്‍കുകയാണ് ചെയ്തത്. ലൈഫ്മിഷന്‍ പദ്ധതി വിദേശ സഹായത്തിന്റെ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍, ലൈഫില്‍ അന്വേഷണം വേണമെന്നും അന്വേഷണം നടന്നാല്‍ മാത്രമേ ക്രമക്കേട് കണ്ടെത്താന്‍ കഴിയുവെന്നും സിബിഐ കോടതിയില്‍ വാദിച്ചു. കേസില്‍ പ്രതിയല്ലാത്ത ഒരാള്‍ക്ക് എങ്ങനെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ കഴിയുമെന്നും സി.ബി.ഐ കോടതിയില്‍ വാദം ഉയര്‍ത്തി. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്.
ഹൈക്കോടതി വിധി ഇടതുപക്ഷ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നാണ് രാഷ്ട്രീയരംഗം വിലയിരുത്തുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സി.ബി.ഐ കേസ് ഏറ്റെടുത്തതെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വാദം. എന്നാല്‍ കോടതി ഉത്തരവോടെ ആ വാദത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്. ഇനി ഇക്കാര്യത്തില്‍ ഇടതുമുന്നണി എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം നോക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *