Breaking News

കൈക്കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞു കൊന്നത് ഭാര്യയെ സംശയിച്ച്

തിരുവനന്തപുരം: കൈക്കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍. 40 ദിവസം പ്രായമുള്ള ശിവഗംഗയുടെ പേരിടല്‍ ചടങ്ങായിരുന്ന ഇന്നലെ രാത്രിയാണു സംഭവം നടന്നത്. തന്റെ വീട്ടില്‍ കുട്ടിയെ കൊണ്ടുപോയി അമ്മയെ കാണിച്ചശേഷം തിരികെ കൊണ്ടുവരമെന്നു പറഞ്ഞാണ് പിതാവായ ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ കൊണ്ടുപോയത്. തുടര്‍ന്നു രാത്രി ഏഴരയോടെയാണ് ഇയാള്‍ കുഞ്ഞിനെ തിരുവല്ലം ആറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്.
തിരികെയെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്നാണ് പറഞ്ഞ ഇയാള്‍ പിന്നീട് ഭാര്യ വീട്ടുകാര്‍ ചോദിച്ചപ്പോള്‍ ഹൈവേയുടെ ഭാഗത്തു കുട്ടിയെ ഉപേക്ഷിച്ചതായി പറഞ്ഞു. എന്നാല്‍, രാത്രി ഉണ്ണികൃഷ്ണന്‍ ആറ്റില്‍നിന്നും കയറി വരുന്നത് സമീപവാസികള്‍ കണ്ടിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു കാര്യങ്ങള്‍ പുറത്തായത്.
കുഞ്ഞ് കൈയില്‍നിന്നും ആറ്റില്‍ വഴുതി വീണെന്നായിരുന്നു ആദ്യം നല്‍കിയ മൊഴി. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി തിരുവല്ലം പൊലീസിന്റെ കസ്റ്റഡിയിലാണ്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
അതേസമയം, ഉണ്ണിക്കൃഷ്ണനും ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആസൂത്രിതമായാണ് ഉണ്ണിക്കൃഷ്ണന്‍ കുഞ്ഞിനെ കൊന്നതെന്നു സംശയമുണ്ടെന്ന് തിരുവല്ലം സിഐ വി.സജികുമാര്‍ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് വാര്‍ഡന്‍ കൂടിയായ ഭാര്യയും ഉണ്ണിക്കൃഷ്ണനും വേര്‍പിരിഞ്ഞായിരുന്നു താമസം. ഉണ്ണിക്കൃഷ്ണനെതിരെ ഗാര്‍ഹിക പീഡനത്തിനും പരാതി നല്‍കിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *