
യു.പി: രാജ്യത്തിന്റെ അഭിമാനമായി പറന്നുയരാന്‍ തയാറെടുത്ത് ശിവാംഗി സിംഗ് എന്ന വാരാണസി സ്വദേശിനി. റഫാല്‍ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന അഭിമാന നേട്ടത്തിനരികില്‍ നില്ക്കുന്ന ശിവാംഗി ഇപ്പോള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും ശക്തമായ യുദ്ധവിമാനം പറപ്പിക്കാനുള്ള പരിശീലനത്തിലാണ്. പരിശീലനം കഴിയുന്നതോടെ ശിവാംഗി അംബാലയിലെ പതിനേഴാം നമ്പര്‍ ഗോള്‍ഡന്‍ ആരോസ് സ്ക്വാഡ്രനില്‍ ചേരും.
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ബിസണ്‍ എയര്‍ക്രാഫ്റ്റ് പറപ്പിച്ചിരുന്ന ശിവാനി 2017ലാണ് വ്യോമസേനയിലെത്തിയത്. വ്യോമസേനയുടെ പത്ത് യുദ്ധവിമാന പൈലറ്റുമാരില്‍ ഒരാളായ ശിവാംഗി രാജസ്ഥാന് ആസ്ഥാനമായുള്ള യുദ്ധവിമാനത്തില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശിവാംഗി 2017-ല്‍ നിയോഗിക്കപ്പെട്ട രണ്ടാം ബാച്ചിലെ വനിതാ യുദ്ധവിമാന പൈലറ്റുമാരിലൊരാളാണ്. ബാലാകോട്ട് വ്യോമാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന് ബന്ദിയാക്കിയ അഭിനന്ദ് വര്‍ധമാനൊപ്പവും ശിവാംഗി വിമാനം പറത്തിയിട്ടുണ്ട്. തന്ത്രപരമായ ആവശ്യങ്ങള്‍ക്കും മറ്റുമായി യുദ്ധവിമാന പൈലറ്റുമാരെ വ്യോമസേനയില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച്ചയാണ് പ്രതിരോധമന്ത്രി ശ്രീപദ് നായിക് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.
പത്ത് വനിതാ പൈലറ്റുമാരും പതിനെട്ട് വനിതാ നാവിഗേറ്റര്‍മാരും ഉള്‍പ്പെടെ 1875 വനിതകളാണ് ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുന്നത്. ആവണി ചതുര്‍വേദിയാണ് തനിച്ച് യുദ്ധവിമാനം പറത്തിയ ആദ്യത്തെ ഇന്ത്യന്‍വനിത. 2018-ലായിരുന്നു ഇത്. 2016 ജൂലൈയില്‍ ഫ്ളൈയിങ് ഓഫീസര്‍മാരായി നിയോഗിക്കപ്പെട്ട മൂന്നംഗ വനിതകളില്‍ ഒരാളായിരുന്നു ചതുര്‍വേദി. പരീക്ഷണാടിസ്ഥാനത്തില്‍ സ്ത്രീകളേയും യുദ്ധവിമാനം പറപ്പിക്കലിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയായിരുന്നു ഇത്. ഭാവന കാന്ത്, മോഹന സിംഗ് എന്നിവരായിരുന്നു മറ്റു രണ്ടു വനിതാ പൈലറ്റുമാര്‍.
36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 59,000 കോടി രൂപയുടെ കരാര്‍ 2016-ലാണ് ഇന്ത്യ ഫ്രാന്‍സുമായി ഒപ്പുവെച്ചത്. പത്തു റഫാല്‍ ജെറ്റുകളാണ് ഇതിനകം ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. അവയില്‍ അഞ്ചെണ്ണം വ്യോമാസേന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി ഫ്രാന്‍സിലാണ്. 36 എയര്‍ക്രാഫ്റ്റുകളും 2021 അവസാനത്തോടെ ഇന്ത്യക്ക് കൈമാറും. രണ്ടാംഘട്ട റഫാല്‍ ജെറ്റുകള്‍ നവംബറോടെ ഇന്ത്യക്ക് കൈമാറും. ആദ്യ അഞ്ച് റഫാല്‍ ജെറ്റുകള്‍ ജൂലൈ ഇരുപത്തിയൊമ്പതിനാണ് ഇന്ത്യയിലെത്തിച്ചത്.