Breaking News

കെകെ മഹേശന്‍ ആത്മഹത്യ ചെയ്തത് മൈക്രോഫിനാന്‍സ് കേസില്‍ അറസ്റ്റ് നടക്കുമെന്നറിഞ്ഞ ദിവസം, ഭാര്യയെ ഏല്‍പ്പിച്ച കത്ത് നിര്‍ണ്ണായകം, വെള്ളാപ്പള്ളിയിലേക്ക് വിരല്‍ ചൂണ്ടി കുടുംബം

മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട കേസുകളുടെ പേരില്‍ താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് മനസിലാക്കിയതാണ് എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശനെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനാക്കിയതെന്ന് കുടുംബം. ജൂണ്‍ 24 നോ 25 നോ താന്‍ അറസ്റ്റിലാകുമെന്ന് കെ കെ മഹേശന്‍ ഏതോ മാര്‍ഗങ്ങളിലൂടെ അറിഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാല്‍ താന്‍ മൂലം കുടുംബത്തിനും ബന്ധുക്കള്‍ക്കും ഉണ്ടാകുന്ന നാണക്കേടും ഇത്രനാളും പൊതുമണ്ഡലത്തില്‍ തനിക്കുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെടുമെന്ന ഭയവുമാണ് മഹേശനെ മരിക്കാന്‍ നിര്‍ബന്ധിതനാക്കിയതെന്നാണ് കുടുംബം അഴിമുഖത്തോട് പറഞ്ഞത്ത്. ഇക്കാര്യങ്ങളെല്ലാം വിശദമാക്കുന്ന ഒരു കത്ത് മരണത്തിനു മുമ്ബായി മഹേശന്‍ ഭാര്യയെ ഏല്‍പ്പിച്ചിരുന്നു. ഈ കത്ത് പൊലീസിന് കൈമാറുമെന്നാണ് കെ കെ മഹേശന്റെ സഹോദരി പുത്രനായ എം എസ് അനില്‍ കുമാര്‍ അഴിമുഖത്തോട് പറഞ്ഞത്. മഹേശന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ ഏറെ നിര്‍ണയകമാകുന്ന തെളിവായിരിക്കും ആ കത്തെന്നും അനില്‍കുമാര്‍ പറയുന്നു. ജൂണ്‍ 24 ബുധനാഴ്ചയാണ് യൂണിയന്‍ ഓഫിസില്‍ കെ കെ മഹേശന്‍ ആത്മഹത്യ ചെയ്യുന്നത്.

ജൂണ്‍ 23 ആം തീയതി ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായതിനു ശേഷം വീട്ടില്‍ വന്നപ്പോള്‍ മാമനെ (കെ കെ മഹേശന്‍) കാത്തിരുന്നത് 15 രജിസ്‌ട്രേഡുകളായിരുന്നു. പത്തനംതിട്ടയില്‍ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് മാമന്റെ പേരില്‍ പുതുതായി ചേര്‍ത്ത 15 കേസുകളുടെ രജിസ്‌ട്രേഡുകളായിരുന്നു അത്. പിറ്റേ ദിവസമോ അതിന്റെ പിറ്റേദിവസമോ (ജൂണ്‍ 24, 25 തീയതികളില്‍) താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും അദ്ദേഹത്തിന് ഏതോ മാര്‍ഗത്തിലൂടെ മനസിലാവുകയും ചെയ്തു. മാന്യമായി ജീവിക്കുന്ന ഒരാള്‍ക്ക് ഒരു ദിവസമാണെങ്കില്‍ പോലും കേസില്‍ കുടുങ്ങി ജയിലില്‍ കിടക്കേണ്ടി വരികയെന്നത് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണ്. താന്‍ എല്ലാവരുടെയും മുന്നില്‍ നാണംകെടുമെന്ന് അദ്ദേഹം വിചാരിച്ചിരിക്കും. ജീവിച്ചിരിക്കുമ്ബോള്‍ താന്‍ നിരപരാധിയാണെന്ന് എത്ര തെളിവുകള്‍ നിരത്തിപ്പറഞ്ഞാലും ആരും വിശ്വസിക്കണമെന്നില്ല. അതുകൊണ്ടാണ് മരണംകൊണ്ട് അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നോക്കിയത്. കെ കെ മഹേശന്‍ എല്ലാ കേസുകളിലും നിരപരാധിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത് മാമന്‍ മരിച്ചു കഴിഞ്ഞാണ്. ജീവിച്ചിരിക്കുമ്ബോള്‍ വെള്ളാപ്പള്ളി തന്നെക്കുറിച്ച്‌ അങ്ങനെ പറയില്ലെന്ന് മാമന് നന്നായി അറിയാമായിരുന്നു. 31 വര്‍ഷമായി മാമന് അടുത്തറിയാവുന്നയാളാണ് വെള്ളാപ്പള്ളി. ഒന്നിനു പുറകെ ഒന്നായി തന്നെ കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടയ്ക്കുമെന്ന് മനസിലാക്കി തന്നെയാണ് മാമന്‍ ആത്മഹത്യ ചെയ്തത്. മാമനെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചതാണ്. അതാണ് ഞങ്ങള്‍ പറയുന്നത്, ഇതൊരു ആത്മഹത്യയാണെങ്കിലും കൊലപാതകസമാനമായ ആത്മഹത്യയാണെന്ന്; അനില്‍ കുമാര്‍ അഴിമുഖത്തോട് പറഞ്ഞു.

കെ കെ മഹേശന്റെ ആത്മഹത്യയില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍, അദ്ദേഹത്തിന്റെ മാനേജര്‍ കെ എല്‍ അശോകന്‍ എന്നിവര്‍ക്കുള്ള പങ്കും മഹേശനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന് മഹേശന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ ഈ കേസ് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. താന്‍ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരായവരുടെ പേരുകള്‍ അദ്ദേഹത്തിന്റെ മരണത്തിനു മുമ്ബായി വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ഈയൊരു തെളിവ് മാത്രം വച്ച്‌ വെള്ളാപ്പള്ളി നടേശനെയും കെ എല്‍ അശോകനെയും ഉടനടി അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

“ആ ഒരൊറ്റ തെളിവ് മതി കെ കെ മഹേശന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ അറസ്റ്റ് ചെയ്യാന്‍. എന്നാലത് നടന്നില്ല. പൊലീസുകാര്‍ ആരുടെയെങ്കിലും സ്വാധീനത്തിന് വഴങ്ങിയെന്ന് ഞങ്ങള്‍ പറയുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ നിസ്സഹായരാണ്. അവര്‍ക്ക് പരിമിതികളുണ്ട്. അതുകൊണ്ടാണ് ആരുടെയും സ്വാധീനത്തിന് വഴങ്ങാത്ത ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം”; അനില്‍ കുമാര്‍ പറയുന്നു.

കെ കെ മഹേശന്റെ മാനസിക നില തെറ്റിയിരുന്നുവെന്ന വെള്ളാപ്പള്ളി നടേശന്‍ പറയുന്നത് രക്ഷപ്പെടാനുള്ള അടവാണെന്നും മഹേശന്റെ കുടുംബം കുറ്റപ്പെടുത്തുന്നു. അദ്ദേഹത്തിന് ഒരു തരത്തിലുമുള്ള മാനസികാസ്വാസ്ഥ്യവുമുണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. ഒന്നിനു പുറകെ ഒന്നായി കള്ളക്കേസില്‍ കുടുക്കി ഒരു ദിവസമെങ്കിലും ജയിലില്‍ അടച്ച്‌ സംഘടന പ്രവര്‍ത്തനങ്ങളില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കി ജീവിതം തകര്‍ക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇക്കാര്യം അദ്ദേഹത്തിനും അറിയാമായിരുന്നു. വെള്ളാപ്പള്ളിയുമായി ഏറെ അടുത്തു നിന്നൊരാളായിരുന്നതുകൊണ്ട് അവരെന്തൊക്കെ ചെയ്യുമെന്ന് മറ്റാരാക്കാളും നന്നായി അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് മറ്റ് വഴികളില്ലെന്ന് ബോധ്യമായി അദ്ദേഹം മരണം തെരഞ്ഞെടുത്തത്. മാന്യമായൊരു കുടുംബ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. മകന്റെ വിവാഹം കഴിഞ്ഞിരുന്നു, മരുമകള്‍ ഡോക്ടറാണ്. എല്ലാവരും പൊതുസമൂഹത്തില്‍ മാന്യതയോടെ ജീവിക്കുന്നവര്‍. ഇവരുടയെല്ലാം മുന്നില്‍ താന്‍ കുറ്റവാളിയായി തീരുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. അദ്ദേഹത്തെ ഇല്ലാതാക്കാന്‍ നോക്കിയവര്‍ക്കും ഇക്കാര്യങ്ങള്‍ നന്നായി അറിയാമായിരുന്നു. കേസുകളിങ്ങനെ പുറകെ പുറകെ വരുമ്ബോള്‍ ഒന്നുകില്‍ അവന്‍ അതിന്റെ പിന്നാലെ നടന്ന് ജീവിതം തീര്‍ത്തോളും, അല്ലെങ്കില്‍ എല്ലാം ഇട്ടെറിഞ്ഞ് എങ്ങോട്ടെങ്കിലും ഒളിച്ചോടും അതുമല്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്ന് കൃത്യമായി അദ്ദേഹത്തെ നശിപ്പിക്കാന്‍ തീരുമാനിച്ചവര്‍ക്ക് അറിയാമായിരുന്നു. അവര്‍ ഉദ്ദേശിച്ചതുപോലെ തന്നെ നടക്കുകയും ചെയ്തു; അനില്‍ കുമാര്‍ പറയുന്നു.

ഒരാളെ ഇല്ലാതാക്കണമെന്ന് തോന്നിയാല്‍ അയാളെ പരമാവധി നശിപ്പിക്കുന്നതാണ് വെള്ളാപ്പള്ളി നടേശന്റെ രീതിയെന്നും കെ കെ മഹേശന്റെ ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു. മഹേശന് വിരോധം ഉണ്ടായതോടെ മഹേശനെതിരെ എന്ത് ചെയ്താലും വെള്ളാപ്പള്ളി ഇടപെടില്ലെന്ന് അറിയാവുന്ന കെ എല്‍ അശോകനും വെള്ളാപ്പള്ളിക്കും പൊലീസിനും ഇടയിലെ ഇടനിലക്കാരനായ ലക്കി എന്ന ബിനാമിയും കൂടിയാണ് മഹേശന് എതിരേ കരുക്കള്‍ നീക്കിയത്. തങ്ങള്‍ എന്തു ചെയ്താലും വെള്ളാപ്പള്ളി അനുകൂലമായിരിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. അങ്ങനെയാണ് അശോകന്‍-ലക്കി- ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൂട്ടുകെട്ട് മഹേശനെതിരേ കള്ളക്കേസുകള്‍ ഉണ്ടാക്കിയതെന്നും അനില്‍ കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. കെ കെ മഹേശന്റെ മരണത്തിനു പിന്നിലെ കാരണങ്ങള്‍ അദ്ദേഹം എഴുതിയ ആത്മഹത്യ കുറിപ്പിലും അതിനു മുമ്ബ് എഴുതിയ 36 പേജുള്ള കത്തിലും പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ തന്നെയാണെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം തന്നെ പ്രശ്‌നങ്ങളെക്കുറിച്ച്‌ തന്നോട് മഹേശന്‍ സൂചിപ്പിച്ചിരുന്നതായും അനില്‍ കുമാര്‍ പറയുന്നു. “ദേവിയുടെ കാശ് അവര് കൊണ്ടുപോകാന്‍ ഞാന്‍ സമ്മതിച്ചില്ലെടാ, അശോകന്‍ ഇതിനിടയില്‍ കിടന്നു കളിക്കുന്നുണ്ട് എന്നൊക്കെ മാമന്‍ എന്നോട് പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തെ സമാധാനപ്പെടുത്തുകയും എന്തുപ്രശ്‌നത്തിലും ഞങ്ങളൊക്കെ കൂടെയുണ്ടാകും വിഷമിക്കേണ്ടെന്നൊക്കെ പറഞ്ഞ് സമാധാനിപ്പിക്കുകയും പിന്തുണ കൊടുക്കുകയുമൊക്കെ ചെയ്തതാണ്. പക്ഷേ, ഈ കേസുകളിങ്ങനെ കൂടിക്കൂടി വന്നതോടെയാണ് മാമന്‍ തകര്‍ന്നു തുടങ്ങിയത്. ഇപ്പോള്‍ മഹേശന്റെ ആത്മഹത്യക്ക് കാരണക്കാരായി വെള്ളാപ്പള്ളി പറയുന്ന പേരുകാര്‍ ആര്‍ക്കും ഈ മരണത്തില്‍ പങ്കില്ല. ചേര്‍ത്തല യൂണിയനുമായി ബന്ധപ്പെട്ട് ചിലര്‍ക്ക് മാമനോട് നീരസം ഉണ്ടായിരുന്നു. അവരത് ഫേസ്ബുക്ക് പോസ്റ്റുകളായി എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും മാമനെ തകര്‍ക്കാനോ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കാനോ കാരണമായിട്ടില്ല. മാമന്‍ ആ ആരോപണങ്ങളൊന്നും കാര്യമായിട്ട് എടുത്തിട്ടു പോലുമില്ല. കെ കെ മഹേശന്‍ മരിക്കാന്‍ കാരണം ആരൊക്കെയാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്”; എം എസ് അനില്‍ കുമാര്‍ പറയുന്നു.

കെ കെ മഹേശന് നീതി കിട്ടുമെന്നു തന്നെയാണ് എം എസ് അനില്‍ കുമാര്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിലും പൊലീസിലും തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അവര്‍ പറയുന്നു. വെള്ളാപ്പള്ളി നടേശന്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയാണ്. തെരഞ്ഞടുപ്പ് അടുത്ത് വരികയാണ്. നേതാക്കളെല്ലാം മൗനത്തിലാണ്. അവര്‍ക്കെല്ലാം പരിമിതികളുണ്ട്. ഒരു കേസ് വന്നതുകൊണ്ട് വെള്ളാപ്പള്ളിയെ തള്ളിപ്പറയാന്‍ അവര്‍ക്ക് കഴിയില്ല. ഉദ്യോഗസ്ഥര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരിക്കും. ഇതൊക്കെ ഞങ്ങള്‍ക്കും അറിയാം. അതുകൊണ്ട് നീതി ഇന്നോ നാളയോ ഞങ്ങള്‍ക്ക് കിട്ടുമെന്ന പ്രതീക്ഷയില്ല. പക്ഷേ, ഒരിക്കല്‍ ഞങ്ങള്‍ക്ക് നീതി കിട്ടിയിരിക്കുമെന്ന ശുഭാപ്തിവിശ്വാസമുണ്ട്. എത്ര തലമുറ കഴിഞ്ഞാണോ ഞങ്ങള്‍ക്ക് നീതി കിട്ടുന്നത് അത്രയും കാലം ഞങ്ങള്‍ പോരാടും. ഒരുപക്ഷേ ഇതിന്റെ പേരില്‍ ഞങ്ങളാരെങ്കിലും കൊല്ലപ്പെട്ടേക്കാം, എന്നെയവര്‍ കൊന്നേക്കാം. അതൊന്നും കാര്യമാക്കുന്നേയില്ല. ഞങ്ങള്‍ക്ക് നഷ്ടപ്പെടാവുന്നതിന്റെ പരമാവധി നഷ്ടപ്പെട്ടു. ഇനിയുണ്ടാകുന്ന നഷ്ടങ്ങളൊക്കെയും അതിന്റെ താഴെ വരുന്നതാണ്. ഒരാള്‍ വീണാല്‍ ബാക്കിയുള്ളവര്‍ മുന്നോട്ടു പോകൂം, എല്ലാവരെയും കൂടി ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ പറ്റില്ലല്ലോ. മാമന്‍ മരിച്ച അന്ന് മാത്രമാണ് ഞങ്ങള്‍ കരഞ്ഞത്.ഇനി കരയില്ല എന്നത് ഞങ്ങളെടുത്ത തീരുമാനമാണ്. കെ കെ മഹേശന് നീതി കിട്ടും വരെ, അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതുവരെ ഞങ്ങള്‍ക്ക് പോരാടണം.

About The Author

Beacon news is an online news portal from Kerala, India. Its serving online news broadcasting in India and abroad from Bangalore, Karnataka. Started in August 1 this Bangalore based news site has garnered a reputation for being a reliable and trustworthy news source in a very short time Our mission is to deliver the latest national and international news in an impartial and unbiased manner. We have a team of reporters dedicated to providing our readers with the latest news from around the world, the news we publish on our website is gathered by these correspondents.

Related posts

Leave a Reply

Your email address will not be published. Required fields are marked *