കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര രാജിവെച്ചു. പാലത്തായി പീഡനക്കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പ്രതിക്കെതിരെ ശ്രീജ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് വെല്‍ഫെയര്‍പാര്‍ട്ടി ശ്രീജ നെയ്യാറ്റിന് കരയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. സംസ്ഥാനാധ്യക്ഷന്‍ ഹമീദ്വാ മ്ബലത്തിനാണ് രാജിക്കത്ത് നല്‍കിയത്. 2020 ജൂണ്‍ 10 മുതല്‍ മൂന്നു മാസത്തേക്ക് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും എക്സിക്യൂട്ടിവില്‍ നിന്നും സസ്പെന്ഷന് നല്‍കിയായിരുന്നു ശ്രീജക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. യു.ഡി.എഫുമായി സഹകരിക്കാനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനത്തില്‍ ശ്രീജ നെയ്യാറ്റിന്‍കര ഉള്‍പ്പെടെയുള്ള ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. യു.ഡി.എഫിനും എല്‍.ഡി.എഫിനും ബദലായ രാഷ്ട്രീയ മുന്നേറ്റമെന്നായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരണ ലക്ഷ്യം. എന്നാല്‍ ബദല്‍ രാഷ്ട്രീയമെന്ന മുദ്രാവാക്യത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടു പോയെന്നും ഇതാണ് രാജിക്ക് കാരണമെന്നും ശ്രീജ വ്യക്തമാക്കി. ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി പോക്സോ കേസില്‍ സോഷ്യല്‍ മീഡിയ ഇടപെടലിനെതിരെ പാര്‍ട്ടി നടപടി അംഗീകരിക്കാനാവാത്തതും പെട്ടെന്ന് രാജിക്ക് കാരണമായി’- ശ്രീജ വ്യക്തമാക്കി. ‘വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന എന്റെ സോഷ്യല്‍ മീഡിയാ ഇടപെടലുകളെ തുടര്‍ന്ന് എനിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതിയെടുത്ത അച്ചടക്ക നടപടിയുടെ അറിയിപ്പ് കിട്ടി. പ്രസ്തുത നടപടി, 2020 മെയ് പന്ത്രണ്ടിന് വിശദീകരണം ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് എനിക്ക് നല്കിയ കത്തിനു മറുപടിയായി ഞാന്‍ നല്കിയ വിശദീകരണം തൃപ്തികരമാകാത്തത് കൊണ്ടാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു’, പാര്‍ട്ടിക്ക് നല്കിയ രാജിക്കത്തില്‍ ശ്രീജ നെയ്യാറ്റിന്‍കര പറയുന്നു.