![]()
കോണ്‍ഗ്രസ് മുന്‍ വക്താവും എഐസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പുല്‍വാമ ഭീകരാക്രമണത്തിലെ കോണ്‍ഗ്രസിന്റെ പ്രതികരണം ഖേദകരമാണെന്നും അതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിടുന്നതെന്നും ടോം വടക്കന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരമാണ് കോണ്‍ഗ്രസിന്റേതെന്നും തൃശ്ശൂര്‍ സ്വദേശി കൂടിയായ വടക്കന്‍ പരിഹസിച്ചു.
മുമ്പ് തൃശ്ശൂരില്‍ നിന്ന് ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടോം വടക്കന്‍ ശ്രമം നടത്തിയിരുന്നെങ്കിലും നേതാക്കള്‍ വിസമ്മതിച്ചതിനാല്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള അദ്ദേഹത്തിന്റെ മോഹം സഫലമായിരുന്നില്ല.
ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് താന്‍ ബിജെപിയില്‍ ചേരുന്നതായി ടോം വടക്കന്‍ പറഞ്ഞത്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കർ പ്രസാദിൽ നിന്ന് ടോം വടക്കന്‍ പാർട്ടി അംഗത്വം സ്വീകരിച്ചു.
സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു. ലോക് സഭാതെരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നത്.
പുൽവാമ സംഭവത്തിലെ നിലപാടു മാത്രമല്ല കോണ്‍ഗ്രസിന്റെ കുടുംബാധിപത്യവും ബിജെപിയില്‍ ചേരാനുള്ള കാരണങ്ങളായി ടോം വടക്കൻ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അജണ്ടകളോട് തനിക്ക് യോജിപ്പാണെന്നും ടോം വടക്കന്‍ എടുത്തുപറഞ്ഞു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ദേശീയ ടെലിവിഷന്‍ ചാനലുകളിലടക്കം ചര്‍ച്ചകളില്‍ സംസാരിച്ചിരുന്നത് ടോം വടക്കനായിരുന്നു.