Breaking News

ദേശീയപാത വികസനം: ആറ്റിങ്ങലിൽ സ്‌പെഷ്യൽ താലൂക്കോഫീസിന്റെ ഉദ്ഘാടനം

image (1)
ആറ്റിങ്ങലില്‍ സ്‌പെഷ്യല്‍ താലൂക്കോഫീസിന്റെ ഉദ്ഘാടനം ബി.സത്യന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു

 

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപ്പാസുൾപ്പെടുന്ന ദേശീയപാത വികസനത്തിന് സ്ഥലമെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ആറ്റിങ്ങലിൽ സ്പെഷ്യൽ താലൂക്കോഫീസ് പ്രവർത്തനം തുടങ്ങി. ബി.സത്യൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ദേശീയപാത വികസനത്തിനായി ജില്ലയിൽ ആരംഭിക്കുന്ന മൂന്നാമത്തെ സ്പെഷ്യൽ താലൂക്കോഫീസാണിത്.  ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം മുതൽ മാമം വരെയുള്ള 16 കിലോമീറ്റർ ഭാഗത്തെ സർവേനടപടികൾ പൂർത്തിയാക്കി രേഖകൾ തയ്യാറാക്കി നല്കുന്നതിനും തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഓഫീസ് തുറന്നിട്ടുള്ളത്.

കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടംവരെയുള്ള 29.5 കിലോമീറ്റർ പ്രദേശത്തെ സർവേയും സ്ഥലമെടുപ്പും കഴക്കൂട്ടം ഓഫീസ് കേന്ദ്രീകരിച്ചാണ് ഇതുവരെ നടന്നിരുന്നത്.   ഇത്രയുംദൂരം ഒറ്റ ഓഫീസിന്റെ കീഴിലാകുന്നത് നടപടികൾ ഇഴയുന്നതിനിടയാക്കുമെന്ന് കണ്ടതിനെത്തുടർന്നാണ് പുതിയ ഒാഫീസ് അനുവദിച്ചത്. 2018 സെപ്റ്റംബറിൽ ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയെങ്കിലും തുടർനടപടികളുണ്ടായില്ല. ബി.സത്യൻ എം.എൽ.എ.യുടെ ആവശ്യപ്രകാരം കഴിഞ്ഞദിവസം റവന്യൂവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിച്ചിരുന്നു. ഈ യോഗത്തെത്തുടർന്നാണ് ഉടൻതന്നെ ഓഫീസ് തുറന്ന് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനമായത്.

സ്പെഷ്യൽ തഹസിൽദാരായി ജി.ശ്രീകുമാറിനെ നിയമിച്ചിട്ടുണ്ട്. 25 സർവേയർമാരെയും ക്ലാർക്ക്, ടൈപ്പിസ്റ്റ്, പ്യൂൺ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാരെയും ഉടൻ നിയമിക്കും. മറ്റ് ഓഫീസുകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജീവനക്കാരെയാണ് ഇവിടേക്ക്‌ നിയമിക്കുക. കൊല്ലം, ആലപ്പുഴ മേഖലയിൽ സർവേ നടപടികൾ പൂർത്തിയായതിനാൽ അവിടെ പ്രവർത്തിച്ചിരുന്ന സർവേയർമാരെക്കൂടി ആറ്റിങ്ങലിൽ നിയോഗിച്ച് സർവേനടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.  

ആറ്റിങ്ങൽ മിനിസിവിൽസ്റ്റേഷൻ വളപ്പിലെ കാന്റീൻ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ എസ്.ജെ.വിജയ അധ്യക്ഷയായി. നഗരസഭാധ്യക്ഷൻ എം.പ്രദീപ്, നഗരസഭയിലെ പ്രതിപക്ഷനേതാവ് എം.അനിൽകുമാർ, തഹസിൽദാർ ജി.നിർമൽകുമാർ, സ്പെഷ്യൽ തഹസിൽദാർമാരായ മനോജ്, ജി.ശ്രീകുമാർ, ഡെപ്യൂട്ടി തഹസിൽദാർ ടി.വേണു, ഉണ്ണിരാജ എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *