Breaking News

വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമശ്രമമെന്ന് പരാതി; പ്രതി പിടിയിൽ

വർക്കല: ഓടയം പള്ളിക്ക് സമീപം ബ്രിട്ടീഷ് വനിതയെ ആക്രമിച്ച് ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഓടയം സ്വദേശി ഷഹദിനെയാണ് അയിരൂർ പോലീസ് പിടികൂടിയത്.

തിങ്കളാഴ്ച പുലർച്ചെ 1.20ഓടെ റസ്‌റ്റാറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് പോകവേയാണ് അഞ്ജാതൻ തന്നെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തെന്നാണ് 53 വയസ്സുള്ള ബ്രിട്ടീഷ് പൗരത്വമുള്ള വനിത വർക്കല ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

വർക്കലയിൽ 20 വർഷക്കാലമായി താമസിക്കുന്ന വനിതയുടെ പരാതിപ്രകാരം, അക്രമി ശരീരത്തിൽ പിടിച്ചുവലിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച അവർ സമീപത്തുണ്ടായിരുന്ന വിനോദസഞ്ചാരികളുടെ സഹായം തേടി. എട്ടുപേർ ഇടപെട്ടെങ്കിലും അക്രമിയെ തടയാനായില്ലെന്നാണ് പരാതിയിൽ പറയുന്നത്.

തുടർന്ന് മറ്റൊരു സംഘത്തിലെ ആറുപേർ കൂടി ഇടപെട്ടതോടെയാണ് അക്രമിയെ തടഞ്ഞുനിർത്തി തനിക്ക് സുരക്ഷിതത്വം ഉറപ്പാക്കാനായതെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. മറ്റുള്ളവർ തടയാൻ ശ്രമിച്ചിട്ടും അക്രമി ആക്രമണശ്രമം തുടർന്നതായും പരാതിയിൽ ആരോപിക്കുന്നു.

ബ്രിട്ടീഷ് പൗരത്വമുള്ള വനിത നൽകിയ പരാതിയിൽ അയിരൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി.
പ്രതിയുടെ അറസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച്ച കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *