Breaking News

വർക്കലയിൽ സംരക്ഷണമില്ലാതെ കഴിയുകയായിരുന്ന 83കാരിക്ക് തുണയായി നാട്ടുകാർ; വയോജന കേന്ദ്രത്തിലേക്ക് മാറ്റി

വർക്കല: വീടിന്റെ ടെറസിലെ സൺഷേഡിൽനിന്ന് താഴേക്ക് ചാടാൻ ശ്രമിച്ച 83കാരിയെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. വർക്കല തറട്ടയിൽ സുധാ മന്ദിരത്തിൽ താമസിക്കുന്ന സുധയെയാണ് വാർഡ് മെമ്പറുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ സുരക്ഷിതമായി താഴെയിറക്കിയത്.തുടർന്ന് വയോധികയെ വർക്കലയിലെ സ്വകാര്യ വയോജന കേന്ദ്രത്തിലേക്ക് മാറ്റി.

വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന സുധയെ ടെറസിന് മുകളിൽ അപകടകരമായ സാഹചര്യത്തിൽ കണ്ടതോടെയാണ് സമീപവാസികൾ വാർഡ് മെമ്പറെ വിവരമറിയിച്ചത്. തുടർന്ന് വാർഡ് മെമ്പറും നാട്ടുകാരും സ്ഥലത്തെത്തി വയോധികയെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.

വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ കാരണം സുധ പരസ്പരവിരുദ്ധമായി സംസാരിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംരക്ഷിക്കാൻ ആരുമില്ലാത്തതിനാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതായാണ് സുധയുമായി സംസാരിച്ചതിൽനിന്ന് മനസ്സിലായതെന്ന് വാർഡ് മെമ്പർ അറിയിച്ചു.

മൂന്ന് ആൺമക്കളുള്ള സുധയുടെ രണ്ടാമത്തെ മകൻ മണിലാൽ നേരത്തേ മരിച്ചിരുന്നു. മണിലാൽ ജീവിച്ചിരുന്ന കാലത്ത് അമ്മയെ നന്നായി സംരക്ഷിച്ചിരുന്നുവെന്നും ഇയാളുടെ മരണശേഷം സുധയുടെ ജീവിതസാഹചര്യങ്ങൾ കൂടുതൽ ദുഷ്കരമായെന്നുമാണ് നാട്ടുകാർ പറയുന്നത്.

മക്കൾക്കെതിരെ പരാതിയുമായി ജനപ്രതിനിധികൾ

അമ്മയെ മക്കൾ കൃത്യമായി സംരക്ഷിക്കുന്നില്ലെന്ന ആരോപണവുമായി ജനപ്രതിനിധികളും പ്രദേശവാസികളും രംഗത്തെത്തി. വിഷയം പഞ്ചായത്ത് ജാഗ്രതാ സമിതിയിൽ മൂന്ന് തവണ ചർച്ചയ്ക്ക് വെച്ചിരുന്നെങ്കിലും സുധയുടെ രണ്ട് മക്കളും യോഗത്തിൽ പങ്കെടുത്തില്ലെന്ന് ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് രാരിഷ് അറിയിച്ചു.

കളക്ടറേറ്റിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടക്കുന്ന ഹിയറിങ്ങിൽ ഹാജരാകാൻ രണ്ടുതവണ നോട്ടീസ് നൽകിയിട്ടും മക്കൾ എത്തിയില്ലെന്നും ജനപ്രതിനിധികൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വാർഡ് മെമ്പർ പോലീസിനെ വിവരമറിയിച്ചതനുസരിച്ച് അയിരൂർ പോലീസ് സ്ഥലത്തെത്തി.

വീടിനുള്ളിൽ മലമൂത്ര വിസർജനം ഉൾപ്പെടെയുള്ള കാരണങ്ങളാൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് സുധ കഴിഞ്ഞിരുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. വയോധികയുടെ സുരക്ഷയും തുടർസംരക്ഷണവും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായിരുന്നു.

വയോജന കേന്ദ്രത്തിലേക്ക് മാറ്റി

പഞ്ചായത്ത് പ്രസിഡന്റ് രാരിഷ്, വാർഡ് മെമ്പർ രാകേഷ് ബാബു, അങ്കണവാടി ടീച്ചർ എസ്. ലത, ജാഗ്രതാ സമിതിയംഗം ബിസിനി, പഞ്ചായത്ത് കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ ബി. അപർണ എന്നിവരുടെ ഇടപെടലിലൂടെ സുധയെ വർക്കലയിലെ സ്വകാര്യ വയോജന കേന്ദ്രത്തിലേക്ക് മാറ്റി.

രണ്ടുദിവസത്തിനുശേഷം വയോധികയെ സർക്കാർ സംവിധാനത്തിന് കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും വാർഡ് മെമ്പർ അറിയിച്ചു.

വയോധികയുടെ തുടർസംരക്ഷണം ഉറപ്പാക്കാനുള്ള നടപടികൾ ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *