Breaking News

ചായക്കടയിൽ സോസിനെച്ചൊല്ലി തർക്കം; മണിക്കൂറുകൾക്കകം മാരകായുധങ്ങളുമായി തിരിച്ചെത്തി ആക്രമണം

കാപ്പിൽ ബീച്ചിലെ ചായക്കട ജീവനക്കാരന് നേരെ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

വർക്കല: കാപ്പിൽ ബീച്ചിലെ ചായക്കട ജീവനക്കാരനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച കേസിൽ മൂന്ന് യുവാക്കളെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടയ്ക്കൽ ഈസ്റ്റ് കടപ്പുറം കാച്ചിക്കടവ് അലക്സ് ഭവനിൽ അലക്സാണ്ടർ (29), ഇരവിപുരം തെക്കുംഭാഗം കുറ്റൂർ പടിഞ്ഞാറ്റതിൽ ഫിനോൾഡ് (24), മയ്യനാട് താന്നി മദർ തെരേസ നഗർ ജോബിൻവില്ലയിൽ ജോബിൻ (26) എന്നിവരാണ് അറസ്റ്റിലായത്.

വർക്കല മാന്തറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അഫ്സലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. സഹോദരി അസീന നടത്തുന്ന ചായക്കടയിൽ സഹായിയായി ജോലി ചെയ്യുകയായിരുന്നു അഫ്സൽ.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ഇന്നോവ കാറിലെത്തിയ മൂന്നംഗ സംഘം കടയിൽനിന്ന് ബജിയും സോസും വാങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സോസ് കുറഞ്ഞുപോയെന്ന് ആരോപിച്ച് സംഘം ബഹളം വച്ചതിനെ തുടർന്ന് അഫ്സൽ വീണ്ടും സോസ് നൽകിയെങ്കിലും സംഘം അത് തറയിൽ ഒഴിച്ചശേഷം വീണ്ടും സോസ് ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. ഇനി സോസ് നൽകില്ലെന്ന് അഫ്സൽ പറഞ്ഞതിനെച്ചൊല്ലി തർക്കമുണ്ടാകുകയും സംഘം അഫ്സലിനെ അസഭ്യം പറഞ്ഞശേഷം മടങ്ങുകയും ചെയ്തു.
എന്നാൽ, വൈകിട്ട് 5.30ഓടെ സംഘം വീണ്ടും ചായക്കടയിലെത്തി.

ഇത്തവണ മാരകായുധങ്ങളുമായെത്തിയ സംഘം പാനിപൂരി ആവശ്യപ്പെട്ടു. അഫ്സൽ നൽകാതിരുന്നതിനെ തുടർന്ന് ഒന്നാം പ്രതിയായ അലക്സാണ്ടർ കാറ്റാടിക്കഴ ഉപയോഗിച്ച് അഫ്സലിന്റെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് രണ്ടാം പ്രതിയായ ഫിനോൾഡ് കൈവശമുണ്ടായിരുന്ന പാറക്കല്ല് ഉപയോഗിച്ച് അഫ്സലിന്റെ മൂക്കിൽ ഇടിച്ച് പരിക്കേൽപ്പിച്ചതായും പോലീസ് പറയുന്നു.നിലത്തുവീണ അഫ്സലിന്റെ മുതുകിലും വയറ്റിലും മൂന്നാം പ്രതിയായ ജോബിൻ ചവിട്ടി. ആക്രമണം തടയാൻ ശ്രമിച്ച സഹോദരി അസീനയ്ക്കും മർദനമേറ്റു.

ഇതിനിടെ കടൽത്തീരത്ത് കയാക്കിംഗ് നടത്തുന്നവരുമായും സംഘം തർക്കത്തിലേർപ്പെട്ടു. ഇതോടെ നാട്ടുകാർ ഇന്നോവ കാർ തടഞ്ഞുവച്ചു. വിവരമറിഞ്ഞെത്തിയ അയിരൂർ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് ഉപയോഗിച്ചെന്ന് പറയുന്ന ആയുധങ്ങളും പ്രതികൾ സഞ്ചരിച്ച ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *