Breaking News

വാട്‌സ്ആപ്പ് ഹാക്കിലൂടെ പുതിയ സൈബർ തട്ടിപ്പ്; ബിസിനസ് സ്ഥാപനങ്ങൾക്ക് കേരള പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ അക്കൗണ്ട്സ് വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പുതിയ രീതിയിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ജാഗ്രതാ നിർദേശം.

സ്ഥാപനങ്ങളുമായി സ്ഥിരമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന കസ്റ്റമർമാരുടെയോ വിതരണക്കാരുടെയോ (സപ്ലയർമാർ) ഹാക്ക് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ വലവിരിക്കുന്നത്. അക്കൗണ്ട്സ് വിഭാഗത്തിലേക്ക് ‘അക്കൗണ്ട് സ്റ്റേറ്റ്മെന്റ്’ എന്ന പേരിൽ .vbs ഉൾപ്പെടെയുള്ള അപകടകരമായ എക്സ്റ്റൻഷനുകളുള്ള സ്ക്രിപ്റ്റ് ഫയലുകൾ അയയ്ക്കുന്നതാണ് ഇവരുടെ രീതി.

ഇത്തരം ഫയലുകൾ തുറക്കുന്നതോടെ കമ്പ്യൂട്ടറുകളിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും, സിസ്റ്റത്തിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈവശപ്പെടുത്തുകയും ചെയ്യും. തുടർന്ന് ബ്രൗസറുകളിൽ സൂക്ഷിച്ചിരിക്കുന്ന പാസ്‌വേർഡുകളും സാമ്പത്തിക വിവരങ്ങളും ചോർത്തിയെടുത്ത ശേഷം സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്ത്, അവരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് ജീവനക്കാരോട് അടിയന്തരമായി പണം കൈമാറാൻ ആവശ്യപ്പെടുന്നതായും പോലീസ് അറിയിച്ചു.

വിശ്വസ്തരായ വ്യക്തികളിൽ നിന്നുള്ള സന്ദേശമാണെന്ന് കരുതി സ്ഥാപനങ്ങൾ വലിയ തുകകൾ കൈമാറി തട്ടിപ്പിനിരയാകാൻ സാധ്യതയുണ്ടെന്നും, മാൽവെയർ ബാധിച്ച കമ്പ്യൂട്ടറുകളിൽ നിന്ന് മറ്റ് ബിസിനസ് ഗ്രൂപ്പുകളിലേക്കും സമാനമായ വ്യാജ ഫയലുകൾ സ്വമേധയാ അയയ്ക്കപ്പെടാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ വാട്‌സ്ആപ്പിലൂടെ ലഭിക്കുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളോ മറ്റ് ഫയലുകളോ തുറക്കുന്നതിന് മുമ്പ് അയച്ചയാളെ നേരിട്ട് ഫോണിൽ വിളിച്ച് സ്ഥിരീകരിക്കണം. അപരിചിതമായ ലിങ്കുകളോ അസാധാരണ എക്സ്റ്റൻഷനുകളുള്ള ഫയലുകളോ ഡൗൺലോഡ് ചെയ്യുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്യരുത്. വാട്‌സ്ആപ്പ് സന്ദേശങ്ങൾ മാത്രം അടിസ്ഥാനമാക്കി ഔദ്യോഗിക സ്ഥിരീകരണമില്ലാതെ സാമ്പത്തിക ഇടപാടുകൾ നടത്തരുതെന്നും പോലീസ് നിർദേശിച്ചു.

കമ്പ്യൂട്ടറിൽ മാൽവെയർ ബാധിച്ചതായി സംശയമുണ്ടെങ്കിൽ ഉടൻ തന്നെ വൈഫൈ അല്ലെങ്കിൽ ലാൻ കണക്ഷൻ വിച്ഛേദിച്ച് ഇന്റർനെറ്റിൽ നിന്ന് ഉപകരണം വേർപെടുത്തണം. സംശയാസ്പദമായ ഫയലുകൾ മറ്റ് കമ്പ്യൂട്ടറുകളിലേക്കോ മൊബൈൽ ഫോണുകളിലേക്കോ കൈമാറരുത്. തുടർന്ന് സമീപത്തെ സൈബർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in⁠ എന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലോ പരാതി നൽകണമെന്ന് കേരള പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *