Breaking News

ജില്ലാ പഞ്ചായത്തിന്റെ 2026-27 റിവൈസ്ഡ് ബജറ്റിന് പ്രസിഡന്റിന്റെ കുറിപ്പ്: വികസനപ്രവർത്തനങ്ങൾക്ക് മുൻഗണന

തിരുവനന്തപുരം: 2026-27 സാമ്പത്തിക വർഷത്തെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ റിവൈസ്ഡ് ബജറ്റിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവതരിപ്പിച്ച കുറിപ്പിൽ വികസനപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന സമീപനമാണ് വ്യക്തമാക്കുന്നത്. സാമ്പത്തിക വർഷത്തിൽ ലഭ്യമായ വിവിധ വരുമാന സ്രോതസുകളും സർക്കാർ ഗ്രാന്റുകളും ഫലപ്രദമായി വിനിയോഗിച്ച് ജനക്ഷേമ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്.

റിവൈസ്ഡ് ബജറ്റ് പ്രകാരം ജില്ലാപഞ്ചായത്തിന് ആകെ 162.53 കോടി രൂപയുടെ അലോക്കേഷൻ ലഭിച്ചിട്ടുണ്ട്. ഇതിൽ 143.70 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുള്ളതും 18.83 കോടി രൂപയുടെ അധിക വകയിരുത്തലുമാണ് ഉൾപ്പെടുന്നത്. ജനറൽ, എസ്.സി.പി, ടി.എസ്.പി വിഭാഗങ്ങളിലായി അധിക വിഹിതം ലഭിച്ചപ്പോൾ റോഡ്, നോൺ-റോഡ് വിഭാഗങ്ങളിൽ നിലവിലെ വകയിരുത്തലിൽ മാറ്റമില്ല.

അതേസമയം, 2025-26 സാമ്പത്തിക വർഷത്തിൽ നിന്ന് ഉപയോഗിക്കാതെ ശേഷിച്ച മൂന്നാം ഗഡു ഫണ്ടായ 24.56 കോടി രൂപയും റിവൈസ്ഡ് ബജറ്റിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിന് ലഭ്യമാകുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഈ തുകയും ഉൾപ്പെടുത്തി വിവിധ വികസന പദ്ധതികൾ നടപ്പാക്കാനാണ് തീരുമാനം.

ഈ ഫണ്ടുകൾ ഉപയോഗിച്ച് പട്ടികജാതി-പട്ടികവർഗ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, വനിതാ-ശിശുക്ഷേമം, ഭിന്നശേഷിക്കാരുടെ ക്ഷേമം, കാർഷിക വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

ഫണ്ടിന്റെ ലഭ്യത അനുസരിച്ച് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിനും നിലവിലെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

വാർഷിക പദ്ധതി മേഖലയിൽ ബജറ്റ് ഭേദഗതി

2026-27 വാർഷിക പദ്ധതി ഭേദഗതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച രണ്ടാമത്തെ കുറിപ്പിൽ സംസ്ഥാന സർക്കാർ ഇതുവരെ വാർഷിക പദ്ധതിയുടെ അന്തിമ ഇൻഫർമേഷൻ കേരള മിഷൻ സോഫ്റ്റ്‌വെയർ വഴി ലഭ്യമാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഇതുമൂലം സ്പിൽ ഓവർ പദ്ധതികൾക്ക് ആവശ്യമായ ഭേദഗതികൾ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല.

കൂടാതെ, നിലവിലെ സാഹചര്യത്തിൽ 2026-27 വാർഷിക പദ്ധതി വിഹിതത്തിന്റെ ഒന്നാം ഗഡു പോലും ലഭ്യമായിട്ടില്ലെന്നും, നിർബന്ധിത പ്രോജക്ടുകൾ മാത്രമാണ് നിലവിൽ തയ്യാറാക്കാൻ കഴിഞ്ഞതെന്നും പ്രസിഡന്റ് അറിയിച്ചു. പദ്ധതി വിഹിതം ലഭിക്കുന്ന മുറയ്ക്ക് ഭേദഗതി ബജറ്റ് വീണ്ടും ഭരണസമിതിയുടെ അംഗീകാരത്തിനായി അവതരിപ്പിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *