Breaking News

സഹപാഠിയെ ആദരിച്ച് സഹപാഠി ഗ്രൂപ്പ്; കാപ്പിൽ സ്കൂളിൽ വേറിട്ട ചടങ്ങ്

ഇടവ: വിദ്യാർഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സ്വന്തം സഹപാഠിയെ ആദരിച്ച് വേറിട്ട മാതൃക സൃഷ്ടിച്ച് കാപ്പിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി സംഘടനയായ സഹപാഠി ഗ്രൂപ്പ് 1985 ബാച്ച്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങാണ് ശ്രദ്ധേയമായത്.

കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ മികച്ച വിജയം നേടിയവർക്ക് മൊമെന്റോകളും സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് ഗ്രൂപ്പിലെ അംഗവും സഹപാഠിയുമായ ടി. എസ്. സുനിൽകുമാറിനെ ആദരിക്കുന്ന ചടങ്ങും നടന്നു.

ഇതേ സ്കൂളിൽ പത്താം ക്ലാസിൽ പഠിച്ച ടി. എസ്. സുനിൽകുമാർ 23 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം പോലീസ് വകുപ്പിൽ സീനിയർ സൂപ്രണ്ട് തസ്തികയിൽ നിന്ന് വിരമിച്ചതിന്റെ അംഗീകാരമായാണ് ആദരം നൽകിയത്. കാപ്പിൽ പയറ്റുവിള വീട്ടിൽ താമസിക്കുന്ന അദ്ദേഹം സാംസ്കാരിക-സാമൂഹിക രംഗങ്ങളിലും സജീവമാണ്. കാപ്പിൽ കണ്ണമ്മൂട് എൻ.എസ്.എസ്. കരയോഗം സെക്രട്ടറിയായും കുടുംബക്ഷേത്രങ്ങളുടെ ചുമതല വഹിക്കുന്ന വ്യക്തിയുമാണ്.

പരിപാടി ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റംലാ ബീവി എൻ., പ്രിൻസിപ്പൽ എസ്. രഞ്ജിത്ത്, ഇടവ ഷിബു, ജി. പ്രദീപ്, എസ്. സിന്ധു, ആർ. സജീവ്, ടി. സജീവ്, എസ്. ഖുറൈശി, ഹക്കിം ടി.കെ., എസ്. ശ്യാമൻ എന്നിവർ സംസാരിച്ചു. ആദരവിന് മറുപടിയായി ടി. എസ്. സുനിൽകുമാർ നന്ദിപ്രസംഗം നടത്തി.

2020-ൽ രൂപം കൊണ്ട സഹപാഠി 1985 ഗ്രൂപ്പ് തുടർച്ചയായ ആറാം വർഷമാണ് വിദ്യാർഥി അനുമോദന പരിപാടി സംഘടിപ്പിക്കുന്നത്. സ്കൂളിന് 200 കസേരകൾ സംഭാവനയായി നൽകുകയും വിവിധ പശ്ചാത്തല സൗകര്യ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്തിട്ടുണ്ട്. കൂടാതെ അംഗങ്ങളുടെ ആരോഗ്യ, ചികിത്സ, കുടുംബകാര്യങ്ങൾ എന്നിവയിലും ഗ്രൂപ്പ് സജീവ ശ്രദ്ധ പുലർത്തുന്നുണ്ട്. 56 വയസ് പിന്നിട്ട അംഗങ്ങളാണെങ്കിലും സമൂഹത്തിനും വിദ്യാലയത്തിനും ഉപകാരപ്പെടുന്ന പ്രവർത്തനങ്ങളിൽ ഇപ്പോഴും ഊർജസ്വലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് സംഘാടകർ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *