Breaking News

ആറ്റിങ്ങലിൽ കിണറ്റിൽ വീണ് യുവതി മരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി പരവൂർകോണം കൊച്ചുവിള്ള വീട്ടിൽ ലത എ.കെ (40) കിണറ്റിൽ വീണ് മരിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം.വീടിന് മുൻവശത്തുള്ള കിണറ്റിൽ ലത അബദ്ധത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞെത്തിയ ആറ്റിങ്ങൽ അഗ്നിരക്ഷാ സേന പഴക്കമേറിയതും അപകടാവസ്ഥയിലുമായ കിണറിൽ ഏറെ ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണ് കെട്ടിയ കിണറിന്റെ ഭിത്തിഭാഗങ്ങൾ ഇടിഞ്ഞുവീഴാൻ സാധ്യതയുള്ള സാഹചര്യത്തിലായിരുന്നു ദൗത്യം.

അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ലതയെ പുറത്തെടുത്ത് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ്, വാർഡ് കൗൺസിലർമാരായ പ്രിയ സാബു, അനസ് എന്നിവർ എത്തിയിരുന്നു.

തുടർ നടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *