Breaking News

ഗൃഹനാഥനെ കെട്ടിയിട്ട് 40 പവൻ സ്വർണവും പണവും കവർന്നു

തൃശ്ശൂർ: മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് 40 പവൻ സ്വർണവും 50,000 രൂപയും കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒല്ലൂക്കര ഡോൺ ബോസ്കോ സ്കൂളിന് സമീപം താമസിക്കുന്ന സോമശേഖരന്റെ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കവർച്ച നടന്നത്.

ഹിന്ദി സംസാരിക്കുന്ന മൂന്ന് പേർ വീടിന്റെ പിറകുവശത്തെ ഗ്രിൽ കുത്തിത്തുറന്ന് അകത്ത് കടന്നതായാണ് വിവരം. വീട്ടിലുണ്ടായിരുന്ന സോമശേഖരനെ തുണി ഉപയോഗിച്ച് കൈകൾ കെട്ടിയിട്ട ശേഷമാണ് പ്രതികൾ കവർച്ച നടത്തിയത്.
രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല, അഞ്ച് പവന്റെ മോതിരം, ഭാര്യയുടെയും മരുമകളുടെയും ആഭരണങ്ങൾ ഉൾപ്പെടെ ഏകദേശം 40 പവൻ സ്വർണവും 50,000 രൂപയും നഷ്ടപ്പെട്ടതായി സോമശേഖരൻ പൊലീസിനോട് പറഞ്ഞു.

സംഭവസമയത്ത് ഭാര്യ ബന്ധുവീട്ടിലും മരുമകൾ സ്വന്തം വീട്ടിലുമായിരുന്നു. പ്രതികൾ കടന്നുകളഞ്ഞതിന് ശേഷം സ്വയം കെട്ടഴിച്ച സോമശേഖരൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മോഷ്ടാക്കളിൽ ഒരാൾ മർദിച്ചതായും അദ്ദേഹം പരാതിപ്പെട്ടു.സംഭവസ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തി. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *