
തിരുവനന്തപുരം(വർക്കല) : തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട ശക്തിയേറിയ സ്വെൽ (Swell) തിരമാലകളും കാലവർഷത്തിന്റെ ഭാഗമായി അറബിക്കടലിൽ രൂപപ്പെടുന്ന ഉയർന്ന ഊർജമുള്ള തിരമാലകളും ഒരുമിച്ചെത്തുന്നതോടെ തിരുവനന്തപുരം ജില്ലയിലെ ഇടവ മുതൽ പെരുമാതുറ വരെയുള്ള തീരപ്രദേശങ്ങൾ അതീവ അപകടാവസ്ഥയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) ഉൾപ്പെടെയുള്ള സമുദ്രഗവേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ തീരദേശ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

നാലു മീറ്റർവരെ ഉയരത്തിൽ തിരമാലകൾ തീരത്തടിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. സാധാരണ മൺസൂൺ തിരകളെ അപേക്ഷിച്ച് സ്വെൽ തിരമാലകൾക്ക് ദൂരെയുള്ള സമുദ്രപ്രദേശങ്ങളിൽനിന്നുള്ള ഉയർന്ന ഊർജമാണ് ഉള്ളത്. അതിനാൽ തീരത്തോട് ചേർന്നെത്തുമ്പോൾ ഇവയുടെ പ്രഭാവം വർധിക്കുകയും തീരഭംഗം, കരയിടിച്ചിൽ, അപ്രതീക്ഷിത ചുഴികൾ എന്നിവ രൂപപ്പെടുകയും ചെയ്യും.
ഇടവ, കാപ്പിൽ, വർക്കല, ഓടയം,അഞ്ചുതെങ്ങ്,പെരുമാതുറ, വലിയതുറ, പൂന്തുറ, വിഴിഞ്ഞം, തുടങ്ങി നിരവധി തീരമേഖലകളിൽ കടൽ ശക്തമായി കരയിലേക്ക് കയറുന്ന സാഹചര്യമാണുള്ളത്. പല പ്രദേശങ്ങളിലും കടൽഭിത്തികൾക്ക് മുകളിലൂടെ തിരമാലകൾ അടിച്ചുകയറുകയും തീരദേശ റോഡുകളിലേക്കും താഴ്ന്ന പ്രദേശങ്ങളിലേക്കും വെള്ളം കയറാനുള്ള സാധ്യത ഉയരുകയും ചെയ്തിട്ടുണ്ട്.
കടലിലെ കാറ്റിന്റെ വേഗത കൂടുന്നതിനൊപ്പം ഉയർന്ന തിരമാലകൾ തീരത്തടിക്കുന്നതിനാൽ മത്സ്യബന്ധന യാനങ്ങൾക്ക് വലിയ അപകടസാധ്യതയുണ്ടെന്ന് ഫിഷറീസ് വകുപ്പും കോസ്റ്റൽ പോലീസും മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ഹാർബറുകളുടെ അഴിമുഖ ഭാഗങ്ങളിൽ ശക്തമായ അടിയൊഴുക്കും ചുഴികളും രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ചെറുവള്ളങ്ങൾ കടലിലിറക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിത മേഖലകളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. വിഴിഞ്ഞം, പൂന്തുറ, വലിയതുറ എന്നിവിടങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനത്തിനായി ലൈഫ് ഗാർഡുകൾ, സ്പീഡ് ബോട്ടുകൾ, ട്രോളർ ബോട്ടുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കോസ്റ്റുഗാർഡിന്റെ ഡോർണിയർ വിമാനങ്ങൾ വഴി ആകാശനിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.തീരദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ കടൽവെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് ദുരിതാശ്വാസ ക്യാമ്പുകളും കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചു. ശക്തമായ തിരമാലയും അടിയൊഴുക്കും നിലനിൽക്കുന്ന സാഹചര്യത്തിൽ കടലിൽ കുളിക്കരുതെന്നും വിനോദസഞ്ചാരികൾ തീരത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പൂന്തുറ-പനത്തുറ മേഖലയിലുണ്ടായ അപകടത്തിൽ യുവാവിനെ കാണാതായ സംഭവം സ്വെൽ തിരമാലകളുടെ അപകടഭീഷണി എത്രത്തോളം ഗുരുതരമാണെന്നതിന്റെ ഉദാഹരണമാണെന്ന് തീരദേശ സുരക്ഷാ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. മൺസൂൺ ശക്തമാകുന്ന അടുത്ത ദിവസങ്ങളിലും തീരപ്രദേശങ്ങളിൽ ഉയർന്ന ജാഗ്രത തുടരുമെന്നും അധികൃതർ അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …