Breaking News

വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റിന് വീണ്ടും പൂജാ ഇക്ബാൽ നേതൃത്വം

ആറ്റിങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും ഞായറാഴ്ച വൈകുന്നേരം ആറ്റിങ്ങൽ സൂര്യ ഹോട്ടലിൽ നടന്നു. വ്യാപാര മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചചെയ്ത യോഗത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളും കൈക്കൊണ്ടു.

യൂണിറ്റ് പ്രസിഡണ്ട് പൂജാ ഇക്ബാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ സി. ധനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വ്യാപാര മേഖല ഇന്ന് നേരിടുന്ന വെല്ലുവിളികളെ ഏകോപിത പ്രവർത്തനങ്ങളിലൂടെ അതിജീവിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ചെറുകിട വ്യാപാരികളുടെ സംരക്ഷണത്തിനും അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമായി സംഘടന കൂടുതൽ സജീവമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബി. ജോഷി ബാസുവും വൈ. വിജയനും മുഖ്യപ്രഭാഷണം നടത്തി. വ്യാപാര മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ, നികുതി-ലൈസൻസ് സംബന്ധമായ പ്രശ്നങ്ങൾ, ഡിജിറ്റൽ വ്യാപാര രംഗത്തെ മാറ്റങ്ങൾ എന്നിവ വിഷയങ്ങളാക്കി അവർ സംസാരിച്ചു.

യോഗത്തിൽ യൂണിറ്റ് സെക്രട്ടറി കണ്ണൻ ചന്ദ്രപ്രസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ യൂണിറ്റ് നടത്തിയ വിവിധ സാമൂഹിക-സംഘടനാപര പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ വിശദീകരിച്ചു. യൂണിറ്റ് ട്രഷറർ ബി. അനിൽകുമാർ 2024-2026 കാലയളവിലെ വരവ്-ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും യോഗം അത് അംഗീകരിക്കുകയും ചെയ്തു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ ഭാരവാഹികളായ പൂജാ ഇക്ബാൽ പ്രസിഡന്റായും, കണ്ണൻ ചന്ദ്രപ്രസ് ജനറൽ സെക്രട്ടറിയായും, ബി. അനിൽകുമാർ ട്രഷററായും തുടരുമെന്ന് യോഗം തീരുമാനിച്ചു. ഐക്യകണ്ഠേനയാണ് ഭാരവാഹികളെ വീണ്ടും തെരഞ്ഞെടുത്തത്.

യോഗത്തിൽ ബി. മുഹമ്മദ് റാഫി, വെള്ളറട രാജേന്ദ്രൻ, എം.എ. ഫിറോസ്ഖാൻ, ആർ. അനിൽകുമാർ, ജെ. ബാബുരാജ്, പുഷ്പരാജൻ, എ.ജെ. ഷഹാർ, എ.കെ. സുലൈമാൻ, എൻ.എസ്. സജു, എസ്. ശ്രീകുമാർ, എ.ആർ. ഷാജു, എസ്. ഷൈൻ, ജി.എൽ. കുറുപ്പ്, ബി. അനിൽകുമാർ എന്നിവരും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *