Breaking News

വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പുതിയ നാവികസേനാ മേധാവി

വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ

ന്യൂഡൽഹി: വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെ രാജ്യത്തിന്റെ പുതിയ നാവികസേനാ മേധാവിയായി കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി 2026 മേയ് 31ന് സർവീസിൽ നിന്ന് വിരമിക്കുന്നതോടെയാണ് പുതിയ നിയമനം. 2025 ജൂലൈ 31 മുതൽ പശ്ചിമ നാവിക കമാൻഡിന്റെ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പ്രവർത്തിച്ചുവരികയാണ്. 1987 ജൂലൈ ഒന്നിനാണ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ലഭിച്ചത്. കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക് വാർഫെയർ മേഖലകളിലെ വിദഗ്ധനാണ്.

ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമി, യുകെയിലെ ജോയിന്റ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജ്, കരഞ്ചയിലെ കോളേജ് ഓഫ് നേവൽ വാർഫെയർ, അമേരിക്കയിലെ യു.എസ്. നേവൽ വാർ കോളേജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാർത്ഥിയാണ്. പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ നേടിയ അദ്ദേഹം നാവികസേനയിലെ വിവിധ പ്രധാന കമാൻഡ്, സ്റ്റാഫ്, പരിശീലന ചുമതലകൾ വഹിച്ചു. മിസൈൽ കപ്പലുകളായ ഐഎൻഎസ് വിദ്യുത്, ഐഎൻഎസ് വിനാഷ്, ഐഎൻഎസ് കുലിഷ്, ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് മൈസൂർ, വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യ എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നൽകി.

റിയർ അഡ്മിറൽ പദവിയിലേക്ക് ഉയർന്ന ശേഷം കൊച്ചിയിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് പരിശീലന വിഭാഗത്തിലെ ചീഫ് സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ചു. ഇന്ത്യൻ നാവികസേനയിലെ പരിശീലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും പ്രവർത്തന സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. തുടർന്ന് ഫ്ലാഗ് ഓഫീസർ സീ ട്രെയിനിംഗ് മേധാവി, വെസ്റ്റേൺ ഫ്ലീറ്റിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്, ഓഫ്‌ഷോർ ഡിഫൻസ് അഡ്വൈസറി ഗ്രൂപ്പ് ഉപദേഷ്ടാവ് എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.

വൈസ് അഡ്മിറൽ പദവിയിലിരിക്കെ പശ്ചിമ നാവിക കമാൻഡിന്റെ ചീഫ് ഓഫ് സ്റ്റാഫ്, കൺട്രോളർ ഓഫ് പേഴ്‌സണൽ സർവീസസ്, നാവിക ആസ്ഥാനത്തെ ചീഫ് ഓഫ് പേഴ്‌സണൽ എന്നീ ചുമതലകളും വഹിച്ചു. നിലവിലെ നിയമനത്തിന് മുമ്പ് നാവിക ഉപമേധാവിയായും സേവനമനുഷ്ഠിച്ചു. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ബി.എസ്.സി, കൊച്ചിൻ സർവകലാശാലയിൽ നിന്ന് ടെലികമ്മ്യൂണിക്കേഷനിൽ എം.എസ്.സി, ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് പ്രതിരോധ പഠനത്തിൽ എം.എ, മുംബൈ സർവകലാശാലയിൽ നിന്ന് സ്ട്രാറ്റജിക് സ്റ്റഡീസിൽ എംഫിൽ, ഇന്റർനാഷണൽ സ്റ്റഡീസിൽ പിഎച്ച്ഡി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകൾ.

Related posts

Leave a Reply

Your email address will not be published. Required fields are marked *