Breaking News

ജീവകാരുണ്യവും സംഘടനാ മികവും വിളിച്ചോതി ഫോമ കേരള കൺവൻഷൻ

ന്യൂയോർക്ക്/കോട്ടയം: ഫോമയുടെ ചരിത്രത്തിൽ ശ്രദ്ധേയ അധ്യായമായി രേഖപ്പെടുത്തപ്പെടുന്ന കേരള കൺവൻഷൻ ജനുവരി 9, 10 തീയതികളിൽ നടന്നു. എന്നാൽ ജനുവരി 3 മുതൽ 11 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കിയ ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, ബിസിനസ് പരിപാടികൾ കൂടി പരിഗണിക്കുമ്പോൾ, ഫോമ കേരളത്തിൽ സജീവ സാന്നിധ്യം അറിയിച്ച വാരമായി ഇത് മാറി.

‘അക്ഷരനഗരി’യായ കോട്ടയത്തിലെ വിൻഡ്സർ കാസിൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലും നാട്ടിലുമായി ഫോമ നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

സമാപന സമ്മേളനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികളുടെ പരിചയസമ്പത്തും സംഭാവനകളും രാജ്യ വികസനത്തിന് വിനിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീകുമാരൻ തമ്പി മുഖ്യപ്രഭാഷണം നടത്തി. ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. വിവിധ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മുൻ ജനപ്രതിനിധികൾ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ

ഫോമ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക മായി പിന്നാക്കം നിൽക്കുന്ന 50 നഴ്സിങ് വിദ്യാർത്ഥികൾക്ക് അമ്പതിനായിരം രൂപ വീതം സഹായധനം നൽകി. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് വീൽചെയർ, സ്കൂട്ടർ, ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്തു. ‘ഹെൽപ്പിംഗ് ഹാൻഡ്’ പദ്ധതിയിലൂടെ ഒരു ലക്ഷം രൂപ സഹായവും നൽകി.

‘ഫോമ ഭവൻ’ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകളുടെ താക്കോൽദാനം പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ നിർവഹിച്ചു. സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി 50 സ്ത്രീകൾക്ക് തയ്യൽ മെഷീനുകളും നൽകി.

മെഡിക്കൽ ക്യാമ്പും സാമൂഹിക ഇടപെടലുകളും

ജനുവരി 3ന് പരുമല സെയിന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ ചങ്ങനാശേരി-കുറിച്ചി മേഖലയിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് നിരവധി പേർക്ക് പ്രയോജനമായി. ഫോമയുടെ ജീവകാരുണ്യ പ്രവർത്തന ങ്ങൾ മാതൃകാപരമാണെന്ന് ജനപ്രതിനിധികൾ അഭിപ്രായപ്പെട്ടു.

പിറവത്ത് സംഘടിപ്പിച്ച “അമ്മമാരോടൊപ്പം” പരിപാടിയിൽ സമൂഹത്തിലെ അവശത അനുഭവിക്കുന്ന 750 വിധവകൾക്ക് വസ്ത്രങ്ങൾ, മെഡിക്കൽ കിറ്റ്, ധനസഹായം എന്നിവ നൽകി ആദരിച്ചു.

ബിസിനസ് മീറ്റിന് ശ്രദ്ധ

ജനുവരി 11ന് കൊച്ചിയിലെ ഗോകുലം പാർക്കിൽ നടന്ന ഫോമ ബിസിനസ് മീറ്റ് ശ്രദ്ധേയമായി. കേരളത്തിൽ സ്വകാര്യ വ്യവസായ പാർക്ക് തുടങ്ങുന്നതിനുള്ള സാധ്യതകൾ ചർച്ചയായി. സംസ്ഥാന സർക്കാർ പിന്തുണ നൽകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. നിരവധി വ്യക്തികൾക്ക് പ്രവർത്തന മികവിനുള്ള പുരസ്കാരങ്ങൾ നൽകി.

വൻ വിജയമായി കൺവൻഷൻ

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിവിധ മേഖലകളിലായി നടപ്പാക്കിയ പദ്ധതികളും, ജനപങ്കാളിത്തവും, പ്രമുഖരുടെ സാന്നിധ്യവും വിലയിരുത്തുമ്പോൾ ഫോമ കേരള കൺവൻഷൻ 2026 വൻ വിജയമായതായി വിലയിരുത്തപ്പെടുന്നു. പ്രസിഡന്റ് ബേബി മണക്കുന്നേലിനും സംഘത്തിനും ഇത് സംഘടനാ നേട്ടമായി മാറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *