
പള്ളിക്കൽ : ബെംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ടു യുവാക്കളെ പള്ളിക്കലിൽ പൊലീസ് പിടികൂടി. പാരിപ്പള്ളി എഴിപ്പുറം സ്വദേശിയായ പറങ്കിമാംവിള വീട്ടിൽ ഷേക്ക് അഹമ്മദ് (33), മലപ്പുറം കരുവാരക്കുണ്ട് കല്ലിടുംബൻ വീട്ടിൽ ഷാഫി (28) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച പുലർച്ചെയാണ് ഡാൻസാഫ് സംഘം സാഹസികമായി ഇവരെ പിടികൂടിയത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്താനായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചതായി അറിയുന്നു.

ബെംഗളൂരുവിൽ നിന്ന് തെങ്കാശി വഴി വന്ന ഡൽഹി രജിസ്ട്രേഷൻ ഇന്നോവ കാറിനെ തെന്മല മുതൽ ഡാൻസാഫ് സംഘം വാഹനങ്ങളിൽ പിന്തുടരുകയായിരുന്നു. പള്ളിക്കൽ എൽ.പി. സ്കൂളിന് സമീപത്തെത്തിയപ്പോൾ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങൾ കുറുകെ നിർത്തി വളഞ്ഞ് പിടികൂടുകയായിരുന്നു.

പോലീസ് പിടിച്ചെടുത്ത വാഹനം
അറസ്റ്റുചെയ്ത പ്രതികളെയും ഇവർ സഞ്ചരിച്ചിരുന്ന കാറിനെയും ഡാൻസാഫ് സംഘം പള്ളിക്കൽ പൊലീസിന് കൈമാറി. പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയാണ് ഷേക്ക് അഹമ്മദ് എന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശൻ ഐപിഎസിന്റെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപിന്റെ മേൽനോട്ടത്തിൽ ഡാൻസാഫ് എസ്.ഐമാരായ സാഹിൽ, ബിജുകുമാർ എന്നിവരോടൊപ്പം അനൂപ്, വിനീഷ്, ഫറൂഖ്, സുനിൽ രാജ്, സുജിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്.
പ്രതികളെ പള്ളിക്കൽ പൊലീസ് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.