

തിരുവനന്തപുരം: ഓഗസ്റ്റ് 14 വിഭജന ഭീതിദിനം ആചരിക്കണമെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. വൈസ് ചാന്‍സലര്‍മാര്‍ക്കാണ് ഇക്കാര്യമുന്നയിച്ച് സര്‍ക്കുലര്‍ അയച്ചത്. ഇതാദ്യമായാണ് ഗവര്‍ണറുടെ ഓഫീസ് ഇത്തരത്തിലൊരു നിര്‍ദേശം കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് നല്‍കുന്നത്. അതേസമയം, ഗവര്‍ണറുടെ വിവാദ സര്‍ക്കുലറിനെതിരെ ഇതിനകം പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ഇത് ആര്.എസ്.എസിന്റെ പരിപാടിയാണ്, ഒരു തരത്തിലും അംഗീകരിക്കില്ല എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചത്. ഇങ്ങനെയൊരു സര്‍ക്കുലര്‍ അയക്കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിലാണ് ഓഗസ്റ്റ് 14-നെ വിഭജന ഭീതി ദിനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.


നേരത്തെ സംഘപരിവാര്‍ സംഘടനയുടെ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വി.സിമാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത് വിവാദമായിരുന്നു. ജ്ഞാനസഭ വിദ്യാഭ്യാസ സമ്മേളനത്തില്‍ നാല് വി.സിമാരാണ് പങ്കെടുത്തത്. കേരള സര്‍വകലാശാല വി.സി മോഹന്‍ കുന്നുമ്മല്‍, കാലിക്കറ്റ് സര്‍വകലാശാല വി.സി പി.രവീന്ദ്രന്, കണ്ണൂര്‍ വി.സി കെ.കെ. സാജു, കുഫോസ് വി.സി എ.ബിജുകുമാര്‍ എന്നിവരാണ് പങ്കെടുത്തത്. അതിന് മുന്‍പ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വച്ചതിനെ ചൊല്ലിയുള്ള വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. ആര്.എസ്.എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ ചിത്രം വെച്ചത് സര്‍വകലാശാല നിബന്ധനകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ അനുമതി റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് വന്‍ സംഘര്‍ഷത്തിലാണ് എത്തിച്ചേര്‍ന്നത്.
