Breaking News

വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിയുടെ മരണം; സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

കൊല്ലം: കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ട് സ്‌കൂളിന്റെ ഭരണം ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍. മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതരമായ വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. നേരത്തെ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജറുടെ വിശദീകരണം തേടിയിരുന്നു. മാനേജര്‍ നല്‍കിയ വിശദീകരണം തള്ളിക്കളഞ്ഞാണ് വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടി സ്വീകരിച്ചത്. സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കിയ വിദ്യാഭ്യാസ വകുപ്പ് കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സ്‌കൂളിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്.

മിഥുന്‍ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട സംഭവം കേരളമൊട്ടാകെ ചര്‍ച്ചയായിരുന്നു. മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപികയ്ക്ക് എതിരെ മാത്രം നടപടിയെടുത്തതില്‍ സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നതോടെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടന്നിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 17നാണ് കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന മിഥുന്‍ സ്‌കൂളില്‍വച്ച് വൈദ്യുതാഘാടമേറ്റ് മരണപ്പെട്ടത്.

സ്‌കൂളില്‍ കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുമ്പോള്‍, വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ക്ലാസ് ബെഞ്ച് ഉപയോഗിച്ച് സൈക്കിള്‍ ഷെഡിന് മുകളിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ കാല്‍ വഴുതി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. മറ്റ് കുട്ടികള്‍ക്ക് മുന്നില്‍ വെച്ചാണ് മിഥുന്‍ മരിച്ചത്. സംഭവത്തില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുകയും, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *