

കല്ലമ്പലം: ദേശീയ പാതയിൽ കല്ലമ്പലം വെയിലൂർ ജംഗ്ഷനു സമീപം കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് മദ്ധ്യ വയസ്ക്കാരായ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടിയിലിടിച്ച് ഇരുവരും മരിച്ചു.പരവൂർ കൂനയിൽ സുലോചന ഭവനിൽ ശ്യാം ശശിധരൻ (58) ഭാര്യ ഷീന (51 ) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 മണിയോടെയായിരുന്നു അപകടം തിരുവനന്തപുരത്ത് നിന്നും ആലുവായ്ക്കു പോകുകയായിരുന്ന മാള ഡിപ്പോയിലെ ബസാണ് എതിർ ദിശയിൽ നിന്നും വന്ന സ്കൂട്ടിയിലിടിച്ചത്.


ആറ്റിങ്ങലിൽ സ്വകാര്യ അശൂപത്രിയിൽ ചികിത്സയിലുള്ള മകളെ കാണാൻ പോകുകയായിരുന്നു ദമ്പതികൾ.റോഡിൽ തെറിച്ചു വീണ ദമ്പതികളെ ബസ് യാത്രക്കാരും നാട്ടുകാരും ചേർന്ന് ചാത്തൻപാറ കെ.ടി.സി.ടി ആശൂപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഭർത്താവ് മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശൂപത്രി യിലെത്തിച്ചെങ്കിലും വൈകാതെ മരണപ്പെടുക യായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹം വീട്ടു വളപ്പിൽ സംസ്ക്കരിക്കും. കല്ലമ്പലം പൊലീസ് കേസെടുത്തു. ബസിന്റെ ഡ്രൈവറായ സന്തോഷ് കുമാർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി . ലിയ,ലോഭ എന്നിവരാണ് മരിച്ച ദമ്പതികളുടെ മക്കൾ.മരുമകൻ അച്ചു.


