
സഹകരണ മേഖലയിൽ തെക്കൻ കേരളത്തിലെ ആദ്യ ഇലക്ട്രിക് വെഹിക്കിൾ ചാർജിംങ് സ്റ്റേഷൻ ഉത്ഘാടനം ചെയ്തു.

1946-ൽ പ്രവർത്തനം ആരംഭിച്ച ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് 78 വർഷം പിന്നിടുകയാണ്. 2009 മുതൽ ലാഭത്തിൽ പ്രവർത്തിച്ചു വരുന്നതിനാൽ തുടർച്ചയായി ലാഭവിഹിതവും അംഗങ്ങൾക്ക് നൽകിവരുന്നു. ലാഭത്തിൽ നിന്നും സ്വരൂപിക്കുന്ന കാരുണ്യസ്പർശം ഫണ്ട് ഉപയോഗിച്ച് അംഗങ്ങൾക്ക് ചികിത്സാധന സഹായവും, പൊതുനന്മ ഫണ്ട് വഴി സാമൂഹ്യ നന്മ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് സംഭാവനകളും, അവാർഡുകളും, പ്രോത്സാഹന സമ്മാനങ്ങളും ബാങ്ക് നൽകി വരുന്നുണ്ട്. സംസ്ഥാന സർക്കാർ കാർഷിക മേഖലയിൽ ആവിഷ്കരിച്ച “സുഭിക്ഷ കേരളം” പദ്ധതി പ്രകാരം നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വിളവെടുപ്പ് നടത്തി സപ്ലൈകോയ്ക്ക് നൽകിവരുന്നു. കൂടാതെ ഒരേക്കർ പുരയിടം പാട്ടത്തിനെടുത്ത് കര കൃഷിയും ചെയ്തുവരുന്നു. ഈ രണ്ട് പ്രവർത്തനങ്ങൾക്കും കൃഷിഭവനുകളുടെ മികച്ച കൃഷിയ്ക്കുള്ള അവാർഡുകളും ബാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്.
സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ, നീതി മെഡിക്കൽ സ്റ്റോർ, സഹകരണ എക്കോ ഷോപ്പ് എന്നീ സ്ഥാപനങ്ങളാണ് ഉദ്ഘാടനം ചെയ്തത്. പുനഃരുപയോഗ ഊർജോല്പാദനം എന്ന നയം പ്രാവർത്തികമാകണമെന്ന ഉദ്ദേശത്തോടെ ഈ മേഖലയിൽ കൂടുതൽ വൈവിധ്യവൽക്കരണം കൊണ്ടുവരിക എന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് KSEB, ANERT എന്നീ സർക്കാർ സ്ഥാപനങ്ങളുടെയും മറ്റ് ഇതര അംഗീകൃത ഏജൻസികളുടെയും സഹകരണത്തോടെയാണ് സഹകരണ മേഖലയിൽ തെക്കൻ കേരളത്തിലെ ആദ്യ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ എന്ന അതിനൂതന ആശയം ബാങ്ക് പ്രവർത്തികമാക്കിയത്. തുടർച്ചയായി ക്ലാസ്സ്-1 സ്പെഷ്യൽ ഗ്രേഡിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ ഉടമസ്ഥതയിൽ ദേശീയപാതയ്ക്ക് സമീപം നിർമ്മിച്ച പ്ലാറ്റിനം ജൂബിലി മന്ദിരത്തിൽ, നീതി സൂപ്പർ മാർക്കറ്റ്, ജനസേവനകേന്ദ്രം എന്നിവ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇതുകൂടാതെ ഈ മന്ദിരത്തിൽ തന്നെ പ്രവർത്തന സജ്ജമാക്കിയ സോളാർ അധിഷ്ഠിത ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും, നീതി മെഡിക്കൽ സ്റ്റോറും, സഹകരണ എക്കോ ഷോപ്പും ആണ് 2024 ഒക്ടോബർ 22-ന് ഉദ്ഘാടനം ചെയ്തത്. ബാങ്ക് പ്രസിഡൻറ് അഡ്വ. ദിലീപ്.. അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് സെക്രട്ടറി ജെ.എസ്.ബിന്ദുമോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷന്റെയും, നീതി മെഡിക്കൽ സ്റ്റോറിന്റെയും ഉദ്ഘാടനം ചിറയിൻകീഴ് എംഎൽഎ ശ്രീ.വി.ശശിയും ആറ്റിങ്ങൽ എംഎൽഎ ശ്രീമതി ഒ.എസ്.അംബികയും, നിർവ്വഹിച്ചു. സഹകരണ എക്കോ ഷോപ്പിന്റെ ഉദ്ഘാടനം ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ശ്രീ.ആർ.രാമു നിർവഹിച്ചു. അഡ്വ. എസ്.ലെനിൻ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.പി.നന്ദുരാജ് എന്നിവർ ആദ്യ വിൽപനകൾ നടത്തി. ബാങ്ക് ഭരണസമിതി അംഗം എൻ.കിഷോർ കുമാർ സ്വാഗതവും, പി.മോഹനൻ നായർ നന്ദിയും രേഖപ്പെടുത്തി.







