

ഡല്‍ഹി: രത്തന്‍ ടാറ്റയെന്ന വ്യവസായ ലോകത്തെ ഇതിഹാസ നായകനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍. വ്യവസായ രംഗത്തെ വളര്‍ച്ച രാഷ്ട്ര നിര്‍മ്മാണത്തിനുവേണ്ടി പ്രയോജനപ്പെടുത്തുകയും നൈതികത കൊണ്ട് അതിനെ മികച്ചതാക്കി തീര്‍ക്കുകയും ചെയ്ത മാതൃകാപുരുഷനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടു. ‘പത്മവിഭൂഷനും പത്മഭൂഷനും കരസ്ഥമാക്കിയ അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ പാരമ്പര്യം ഏറെ ആകര്‍ഷണീയമാക്കി മാറ്റി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ പ്രചോദിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ അദ്ദേഹത്തിന്റെ സംഭാവനകളും വിലമതിക്കാനാവാത്തതാണ്’- രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചന സന്ദേശത്തില്‍ വിശദീകരിച്ചു.



ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ സംഭാവനകള്‍ വ്യവസായ ലോകത്തിലേക്ക് മാത്രം ഒതുങ്ങി നില്‍ക്കാതെ ഒരുപാട് അകലങ്ങളിലേക്ക് എത്തി. രാജ്യത്തെ ഏറ്റവും പഴക്കമേറിയവയിലൊന്നും ഏറ്റവും അഭിമാനകരവുമായ വ്യവസായ സംരംഭങ്ങള്‍ക്ക് സുസ്ഥിരമായ നേതൃത്വമൊരുക്കിയ വ്യക്തിത്വമാണ് രത്തന്‍ ടാറ്റയുടേതെന്നും പ്രധാനമന്ത്രി അനുശോചന സന്ദേസത്തില്‍ പറഞ്ഞു. രത്തന്‍ ടാറ്റയുടെ വിടവാങ്ങല്‍ ഹൃദയഭേദമെന്നാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ അനുശോചനം. ആധുനിക ഇന്ത്യയുടെ വഴി പുനര്‍നിര്‍വചിച്ച വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് രാഹുല്‍ഗാന്ധി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനം നല്കിയ വ്യക്തിതത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അനുസ്മരിച്ചു. രത്തന്‍ ടാറ്റയെ പോലുള്ള ഇതിഹാസങ്ങള്‍ മാഞ്ഞുപോകില്ലെന്ന് ഗൗതം അദാനി പറഞ്ഞു. ശക്തമായ സാന്നിധ്യമാണ് രാജ്യത്തിന് നഷ്ടമാകുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് പറഞ്ഞു. ടാറ്റയുടെ പാരമ്പര്യം തലമുറകള്‍ക്ക് പാഠമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



